ജമ്മു കശ്‌മീർ: ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ കരസേന മേധാവി (സിഒഎഎസ്) ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് ജമ്മു സന്ദർശിക്കും. സംയുക്ത സുരക്ഷ അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കുന്ന കരസേന മേധാവി, പ്രദേശത്തെ സുരക്ഷ സ്ഥിതിഗതികളും വിലയിരുത്തും.
ജമ്മു കശ്‌മീർ പൊലീസുമായും മറ്റ് സേനകളുമായും സംയുക്ത സുരക്ഷ അവലോകന യോഗത്തിൽ കരസേനാ മേധാവി സംവദിക്കും. ജമ്മുവിലെ പൊലീസ് ആസ്ഥാനത്താണ് യോഗം നടക്കുക. ജമ്മു മേഖലയിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളും ഭീകരരുടെ നുഴഞ്ഞുകയറ്റവും കേന്ദ്രീകരിച്ചാണ് കരസേന മേധാവിയുടെ സന്ദർശനമെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.
പ്രവർത്തനത്തിലെ പിഴവുകൾ, നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങൾ, ഭീകരർക്കെതിരായ പ്രവർത്തനങ്ങൾ തീവ്രമാക്കൽ, മറ്റ് അനുബന്ധ പ്രശ്‌നങ്ങൾ എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്വ, ദോഡ ജില്ലകളിൽ കനത്ത ഭീകരാക്രമണമാണ് സൈന്യത്തിന് നേരെ ഉണ്ടായത്. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്‌തു.