ചെന്നൈ:ബിഎസ്‌ബി നേതാവ്ആംസ്‌ട്രോങ് കൊലപാതകവുമായി ബന്ധപ്പെട്ട്തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് എഎൻഎസ് പ്രസാദ് രംഗത്ത്. ബിഎസ്‌പി സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെ ശെൽവപെരുന്തഗൈക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബിഎസ്‌പി നേതാവ് കൊല്ലപ്പെട്ട് രണ്ട് മാസം പിന്നിട്ടിട്ടും ആരോപണങ്ങള്‍ക്കുമേല്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു.
ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ ശെൽവപെരുന്തഗൈക്ക് പങ്കുണ്ടെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെൽവപെരുന്തഗൈക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും അദ്ദേഹം സ്വതന്ത്രനായി നടക്കുകയാണ്. അതേസമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് പോൾ കനകരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കേസില്‍ ഇരട്ട നിലപാട് ചെന്നൈ സിറ്റി പൊലീസ് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രസാദ് ചോദിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇടപെടണമെന്നും ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ സെൽവപെരുന്തഗൈയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് നിർദേശിക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു. കൊലപാതകം നടന്ന് രണ്ട് മാസത്തിലേറെയായിട്ടും പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തമിഴ്‌നാട് പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രസാദ് കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ കേസ് സിബിഐക്ക് കൈമാറണമെന്നും എഎൻഎസ് പ്രസാദ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം 31 പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകത്തിന് പിന്നിൽ മൂന്ന് പ്രധാന ഗുണ്ടാസംഘങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ആർക്കോട്ട് സുരേഷിൻ്റെ സഹോദരൻ പൊന്നായി ബാലു ഉൾപ്പെടെ ആറ് പേർ നേരത്തെ കേസുമായി ബന്ധപ്പെട്ട് കീഴടങ്ങിയിരുന്നു.
ആംസ്ട്രോങ്ങിൻ്റെ നിർദ്ദേശപ്രകാരമാണ് തന്‍റെ സഹോദരന്‍ സുരേഷിനെ കൊലപ്പെടുത്തിയതെന്ന് ബാലു പറഞ്ഞു. ഇതിന്‍റെ പ്രതികാരം വീട്ടാനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നും ബാലു പറഞ്ഞു. എന്നാൽ ഇത് ശരിയല്ലെന്ന് പൊലീസ് അറിയിച്ചു.