ഗുവാഹത്തി : ലോക്‌സഭ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ അസം കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എപിസിസി) വര്‍ക്കിങ് പ്രസിഡന്‍റുമായ റാണ ഗോസ്വാമി പാര്‍ട്ടി വിട്ടു. എപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനവും, കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചതായി റാണ ഗോസ്വാമി അറിയിച്ചു. പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് പിന്നില്‍. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് അദ്ദേഹം കത്തിലൂടെ രാജിക്കാര്യം അറിയിച്ചത്.
"അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്‍റ് സ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അംഗത്വവും രാജിവയ്ക്കുകയാണ്". റാണ ഗോസ്വാമി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് അയച്ച കത്തിൽ പറയുന്നു (Rana Goswami quit Congress). ന്യൂഡൽഹിയിൽ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം റാണ ഗോസ്വാമി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ബിജെപി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.