ഗുവാഹത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപനത്തെ തുടര്‍ന്ന് അസമിലെ സാഹചര്യങ്ങള്‍ വീണ്ടും തിളച്ചുമറിയുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രകടനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു (Anti CAA protest launched in assam).
ഓൾ അസം സ്റ്റുഡന്‍റ് യൂണിയന്‍റെ കീഴിലുള്ള 30 സംഘടനകളാണ് ഇന്ന് മുതൽ (07-03-2024) സംസ്ഥാന വ്യാപകമായി സിഎഎ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. നിയമത്തിനെതിരായ പ്രതിഷേധ പരമ്പരയുടെ ആദ്യ ഘട്ടമായി AASU, AJYCP എന്നിവയുടെ ബാനറിൽ CAA വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജില്ലാ ആസ്ഥാനങ്ങളിൽ ബൈക്ക് റാലികൾ നടത്തി.
ബുധനാഴ്‌ച (06-03-2024) ഗുവാഹത്തി, ജോർഹട്ട്, ഗോലാഘട്ട്, ദിബ്രുഗഡ്, നാഗോൺ, തേസ്പൂർ, ബാർപേട്ട, നാൽബാരി തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർഥി സംഘടനയിലെ ലക്ഷക്കണക്കിന് പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ റാലികൾ നടത്തിയിരുന്നു.