ആന്ധ്രാപ്രദേശ്: പ്രളയബാധിത പ്രദേശങ്ങളില്‍ ഡ്രോണുകൾ ഉപയോഗിച്ച് ഭക്ഷണവും മരുന്നും വിതരണം ചെയ്‌ത് ആന്ധ്രാപ്രദേശ് സർക്കാർ. ബോട്ടുകൾക്കും ഹെലികോപ്റ്ററുകൾക്കും പോലും എത്തിച്ചേരാന്‍ കഴിയാത്ത ഇടുങ്ങിയ പ്രദേശങ്ങളിലാണ് ഡ്രോണുകൾ ഉപയോഗിച്ച് ഭക്ഷണം എത്തിച്ചത്. വെള്ളവും ഭക്ഷണവും മരുന്നും ഇത്തരത്തില്‍ വിജയകരമായി ദുരിതബാധിതർക്ക് വിതരണം ചെയ്‌തു.
8 മുതൽ 10 കിലോഗ്രാം വരെ ഭാരമുള്ള ഭക്ഷണം, മരുന്ന്, കുടിവെള്ളം തുടങ്ങിയ സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. 15-ല്‍ അധികം ഡ്രോണുകളാണ് അധികൃതർ ഉപയോഗിക്കുന്നത്. ഡ്രോണുകൾ വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ലോകേഷ് പ്രതികരിച്ചു. പ്രളയബാധിതരെ സഹായിക്കാൻ ഇതാദ്യമായാണ് ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയ നാവിക സേനയുടെ ഹെലികോപ്റ്ററുകളും ദുരിതബാധിതർക്ക് ഭക്ഷണവും ശുദ്ധ ജലവും എത്തിക്കുന്നുണ്ട്. ഇതുവരെ 2,97,500 പേർക്ക് ഭക്ഷണവും ശുദ്ധ ജലവും നൽകി. ഭവനരഹിതർക്കായി വിജയവാഡയിൽ 78 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.