ന്യൂഡൽഹി:ശക്തമായ മോദി സര്‍ക്കാര്‍ നിലവിലെ സംവരണ സംവിധാനത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം കുറച്ച് മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. 'അജണ്ട ആജ് തക് 2024' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് ശേഷം രാഹുൽ ഗാന്ധി അഹങ്കാരമായി മാറിയെന്നും അമിത് ഷാ പറഞ്ഞു. 'ഞങ്ങള്‍ ഭരണഘടനയെ മാറ്റും എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങള്‍ സംവരണത്തില്‍ തൊട്ടിട്ടില്ല. കോൺഗ്രസ് മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുകയും എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം കുറയ്ക്കുകയും ചെയ്തു. നിലവിലെ സംവരണ സംവിധാനത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് നേരത്തെ വ്യക്തമാക്കിയതായും' അമിത് ഷാ പറഞ്ഞു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ കാര്യം കോൺഗ്രസ് മറക്കരുത്. 2014, 2019, 2024 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടിക്ക് നേടാനാകാത്തതിനെക്കാൾ കൂടുതല്‍ സീറ്റുകളാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാത്രം ബിജെപി നേടിയതെന്നും അമിത് ഷാ പറഞ്ഞു. 240 സീറ്റുകളുള്ള നിലവിലെ മോദി സർക്കാരും 303 സീറ്റുകളുള്ള മോദി സർക്കാരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി, ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക തുടങ്ങിയ വാഗ്ദാനങ്ങളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും അമിത് ഷാ പറഞ്ഞു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം:കോൺഗ്രസും രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളും വിദേശ സ്ഥാപനങ്ങളിൽ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് ഷാ പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഔദ്യോഗിക രേഖകള്‍ വരുമ്പോള്‍ നോക്കാം എന്നും അമിത് ഷാ പ്രതികരിച്ചു.
അഴിമതി ബിജെപിയുടെ രീതിയല്ല. നേരത്തെ ഭരണത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരാണ് 12 ലക്ഷം കോടിയുടെ അഴിമതി ആരോപണം നേരിട്ടത്. പെഗാസസ് കേസിന് എന്ത് സംഭവിച്ചു. ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കോടതി ഇവിടെയുണ്ട്. ഇതുവരെ മോദി സര്‍ക്കാരിനെതിരെ ആരും ഒരു തെളിവും ആരും നല്‍കിയിട്ടില്ല എന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍:കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികൾ ജമ്മു കശ്മീര്‍ സന്ദർശിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീരില്‍ സിനിമ ഹാളുകൾ തുറന്നു. സമാധാനപരമായി താസിയ ഘോഷയാത്ര സംഘടിപ്പിച്ചു. രക്തച്ചൊരിച്ചിലില്ലാതെ തെരഞ്ഞെടുപ്പ് നടന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് ഷാ പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:അടുത്തിടെ നടന്ന മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മായാഹുതി സഖ്യത്തിന് വലിയ വിജയം സമ്മാനിച്ച വോട്ടർമാരോട് അമിത് ഷാ നന്ദി പറഞ്ഞു. മഹാരാഷ്ട്ര ഇപ്പോൾ സുരക്ഷിതമായ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം പങ്കിടുന്നതിൽ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാദ് ഷിൻഡെ അസ്വസ്ഥനാണെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹം വിഷമിക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
2026 ഓടെ നക്സലുകളെ ഇല്ലാതാക്കും:2026 മാർച്ചോടെ ഇന്ത്യയെ ഇടതുപക്ഷ തീവ്രവാദ സംഘത്തില്‍ നിന്ന മോചിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു. പല സംസ്ഥാനങ്ങളും ഇടതുപക്ഷ തീവ്രവാദ സംഘങ്ങളില്‍ നിന്ന് മുക്തമായി. ഛത്തീസ്ഗഡിലെ രണ്ട് ജില്ലകളില്‍ മാത്രമാണ് നക്സലുകള്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ 70 ശതമാനം നക്സലുകളെയും ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ഛത്തീസ്ഗഡില്‍ മാത്രം 300ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെടുകയും 900 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുരക്ഷയ്ക്ക് ഒപ്പം ആദിവാസി വിഭാഗങ്ങളുടെ വികസനം സാധ്യമാക്കുക എന്നതും ഞങ്ങളുടെ കാവൽ വാക്കാണെന്ന് അമിത് ഷാ പറഞ്ഞു.