ന്യൂഡല്‍ഹി:രാജ്യത്തേക്കുള്ളനുഴഞ്ഞുകയറ്റം പൂര്‍ണമായും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ട് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ജമ്മു കശ്‌മീര്‍ സുരക്ഷ പുനഃപരിശോധനാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്‍റെ സുസ്ഥിരവും ഏകോപിതവുമായ ശ്രമത്തിലൂടെ ജമ്മു കശ്‌മീരിലെ ഭീകര പരിസ്ഥിതി നിര്‍ണായകമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ സുരക്ഷാ സേനകളും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നുഴഞ്ഞുകയറ്റത്തിനെതിരെ കൂടുതല്‍ കര്‍ക്കശ നിലപാടുകള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരരെ വേരോടെ ഇല്ലാതാക്കണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഷാ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ നുഴഞ്ഞു കയറ്റക്കാര്‍ക്കും ഭീകരര്‍ക്കും സഹായങ്ങള്‍ നല്‍കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പുതിയ കുറ്റകൃത്യനിയമങ്ങള്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ഫോറന്‍സിക് സയന്‍സ് ലാബുകളില്‍ പുതിയ നിയമനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോദി സര്‍ക്കാരിന്‍റെ ഭീകരതയോടുള്ള പോരാട്ടം ഭീകരമുക്ത ജമ്മു കശ്‌മീര്‍ എന്ന ലക്ഷ്യം കൈവരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്‌മീരില്‍ നിന്ന് ഭീകരത തുടച്ച് നീക്കാനായി സുരക്ഷ ഏജന്‍സികള്‍ ജാഗ്രത തുടരണം.ജമ്മു കശ്‌മീരില്‍ സുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന സുരക്ഷ ഏജന്‍സികളെ അദ്ദേഹം അഭിനന്ദിച്ചു.
യോഗത്തില്‍ ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേക്ക, ജമ്മു കശ്‌മീര്‍ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ആഭ്യന്തര മന്ത്രാലയത്തിലെയും ജമ്മു കശ്‌മീരിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ ദിവസവും സമാനമായ ഒരു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെയും സൈന്യത്തിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം തടയല്‍, മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കല്‍ തുടങ്ങിയ നടപടികള്‍ ലക്ഷ്യമിട്ടാണ് പുനഃപരിശോധന യോഗങ്ങള്‍. സംസ്ഥാന-കേന്ദ്ര സുരക്ഷ ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ ഭീകരതയെ തുടച്ച് നീക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ജമ്മു കശ്‌മീരില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ആബ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Also Read:'ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല ഞങ്ങളുടേത്'; അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി