ലഖ്‌നൗ :തങ്ങള്‍അധികാരത്തിൽ വന്നാലുടൻ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വിരമിച്ച അഗ്നിവീറുകള്‍ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം. പൊലീസിലും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലേക്കുമുള്ള (പിഎസി) റിക്രൂട്ട്‌മെൻ്റില്‍ മുന്‍ അഗ്നിവീറുകള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ വെയ്റ്റേജ് നൽകുമെന്ന് ആദിത്യനാഥ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ എക്‌സിലൂടെയാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം.
'ഞങ്ങൾ അധികാരത്തിൽ വന്നാല്‍, രാജ്യത്തിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുകയും സൈനികരുടെ ഭാവിവച്ച് കളിക്കുകയും ചെയ്യുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കും. പഴയ റിക്രൂട്ട്‌മെൻ്റ് മോഡൽ പുനഃസ്ഥാപിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം.'- അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. കാര്‍ഗില്‍ വിജയ് ദിവസ് ചടങ്ങുകളില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗ്നിപഥ് പദ്ധതിയെ ന്യായീകരിക്കുകയും പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.