ഡൽഹി:ഭക്ഷണത്തിൽ നിന്ന് മെറ്റൽ ബ്ലേഡ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ. തങ്ങളുടെ യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് ലഭിച്ചത് കേറ്ററിംഗ് കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്‌ചയാണെന്ന് എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്‌സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു. സുരക്ഷാ മാനദണ്ഡനങ്ങളിൽ വീഴ്‌ച വരാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു.
പച്ചക്കറികൾ മുറിക്കാനുപയോഗിച്ച ബ്ലേഡ് അബദ്ധത്തിൽ ഭക്ഷണത്തിൽ അകപ്പെട്ടുപോയതാണെന്നും രാജേഷ് ദോഗ്‌റ കൂട്ടിച്ചേർത്തു. ജൂൺ 10നായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ ഫ്ലൈറ്റിലെ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്നും ബ്ലേഡ് ലഭിച്ചത്. യാത്രക്കാരൻ ചിത്രമടക്കം എക്‌സിൽ കുറിപ്പ് പങ്കിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.