ന്യൂഡൽഹി:മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയില്‍ തിരിച്ചിറക്കി. എഐ119 ഫ്ലൈറ്റാണ് സർക്കാരിൻ്റെ സുരക്ഷ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം ഡൽഹിയില്‍ ഇറക്കിയത്. നിലവില്‍ വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.
പുലര്‍ച്ചെ രണ്ട് മണിക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. എക്‌സിലെ ഒരു സന്ദേശം വഴിയാണ് മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി ലഭിക്കുന്നത്. തുടര്‍ന്ന് ഡൽഹിയിലെ സുരക്ഷ ഏജൻസികളെ വിവരം അറിയിക്കുകയും വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഡൽഹി പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിമാനത്തിലുളള യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുളള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ച് കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.