ഹൈദരാബാദ്: ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് എല്ലാവരെയും ഒപ്പം കൂട്ടണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. എല്ലാവരും ഒന്നിച്ച് നിന്നാൽ മാത്രമേ വിജയത്തിലെത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ വികാരാബാദിൽ നടന്ന പൊതുയോഗത്തിലാണ് ഒവൈസിയുടെ വാക്കുകള്‍.
വഖഫ് ഭേദഗതി ബിൽ നിയമമാക്കുകയാണെങ്കിൽ രാജ്യത്ത് സാമൂഹികമായ അസ്ഥിരത ഉടലെടുക്കും. ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോയതിന് കാരണം താനാണെന്ന് കാട്ടി 'മതേതര' പാർട്ടികൾ തന്നെ കുറ്റപ്പെടുത്തി. എഐഎംഐഎമ്മിൻ്റെ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെയിരുന്നിട്ടും എങ്ങനെയാണ് മല്ലികാർജുൻ ഖാർഗെ നയിക്കുന്ന കോൺഗ്രസ് പാർട്ടി തോറ്റതെന്നും അദ്ദേഹം ചോദിച്ചു.
'ബിജെപി എങ്ങനെയാണ് ഹരിയാനയിൽ വിജയിച്ചത്. ഞാൻ അവിടെ ഇല്ലായിരുന്നു. അല്ലെങ്കിൽ അവർ 'ബി ടീം' എന്ന് പറയുമായിരുന്നു. അവിടെ അവർ തോറ്റു. ഇപ്പോൾ പറയൂ, അവർ ആരാലാണ് തോറ്റത്? കോൺഗ്രസ് പാർട്ടിയോട് ഞാൻ പറയാനാഗ്രഹിക്കുന്നത്, ഞാൻ പറയുന്നത് എന്താണെന്ന് മനസിലാക്കൂ. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് നിങ്ങൾ എല്ലാവരേയും ഒപ്പം കൂട്ടണം. നിങ്ങൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനായി കഴിയില്ല." അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക