ഡൽഹി: ആളെക്കൊല്ലി രോഗങ്ങളില്‍ മുന്‍ നിരയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്.പലപ്പോഴും പക്ഷാഘാത സാധ്യത വൈകി മാത്രം കണ്ടെത്തുന്നത് മരണത്തിലേക്ക് വരെ നയിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് മാനവ രാശിക്ക് മുഴുവന്‍ ആശ്വാസകരമായ വാര്‍ത്ത എത്തുന്നത്. സ്വന്തം സ്മാര്‍ട്ട് ഫോണിലെ എ ഐ ആപ്പ് ഉപയോഗിച്ച് പക്ഷാഘാതം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഇന്ത്യയുൾപ്പെടെ ലോകത്തുടനീളം പക്ഷാഘാതം വർധിച്ചുവരികയാണ്. രാജ്യത്തുണ്ടാകുന്ന മരണത്തിന്‍റെ നാലാമത്തെ പ്രധാന കാരണവും വൈകല്യത്തിൻ്റെ അഞ്ചാമത്തെ പ്രധാന കാരണവും പക്ഷാഘാതമാണെന്നാണ് പഠനങ്ങൾ പറയുന്നത്. നേരത്തെ നടത്തിയ പഠനങ്ങളിൽ പറയുന്നത് പ്രകാരം പ്രതിവർഷം ഒരുലക്ഷത്തിൽ 105 മുതൽ 152 വരെ ആളുകൾക്കാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച് കൈയിലോ കാലിലോ മരവിപ്പ്, ബലഹീനത, മുഖത്ത് ബലഹീനത തുടങ്ങിയവയിൽ നിന്ന് സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ കണ്ടെത്താനാകും. സ്‌ട്രോക്കിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് കണ്ടുപിടിക്കാനുള്ള മാർഗം കണ്ടെത്തുന്നതിലാണ് ശാസ്ത്രജ്ഞന്മാർ വിജയം വരിച്ചിരിക്കുന്നത്.
ഒരു രോഗിക്ക് സ്ട്രോക്ക് ഉണ്ടായാൽ നിമിഷങ്ങൾക്കകം അത് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പുതിയ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഗവേഷകർ വികസിപ്പിച്ചെടുത്തു. മുഖത്തിൻ്റെ രൂപ മാറ്റവും പേശികളുടെ ചലനങ്ങളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആണ് ഉപയോഗിക്കുന്നത്.