ചണ്ഡിഗഡ് :ബിജെപിയില്‍ ചേക്കേറിയ ആം ആദ്‌മി നേതാക്കള്‍ ഒരു മാസത്തിനുശേഷം എഎപിയില്‍ തിരിച്ചെത്തി (AAP councillors Poonam Devi and Neha Musawat returned from BJP). ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ എഎപി കൗണ്‍സിലര്‍മാര്‍ ആയിരുന്ന പൂനം ദേവിയും നേഹ മുസാവത്തുമാണ് ബിജെപിയില്‍ ചേര്‍ന്ന് അധികം വൈകാതെ തന്നെ എഎപിയിലേക്ക് മടങ്ങിയത്. ഇത് തങ്ങളുടെ 'ഘര്‍ വാപസി' (വീട്ടിലേക്കുള്ള മടക്കം) ആണെന്ന് ഇരു നേതാക്കളും പ്രതികരിച്ചു.
പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ഇരുവര്‍ക്കും എഎപി നേതാക്കള്‍ സ്വീകരണം നല്‍കി. ആം ആദ്‌മി പാര്‍ട്ടിയിലേക്ക് തിരിച്ചത്തിയ പൂനം കുമാരിക്കും നേഹ മുസാവത്തിനും ഊഷ്‌മളമായ സ്വാഗതമെന്ന് പഞ്ചാബ് ആം ആദ്‌മി പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. ഗുര്‍ചരണ്‍ കലയോടൊപ്പമാണ് ഇരുവരും ബിജെപിയിലേക്ക് പോയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ നേഹ മുസാവത്തും 16-ാം വാര്‍ഡ് കൗണ്‍സിലര്‍ പൂനം കുമാരിയും ബിജെപിയിലേക്ക് പോയത്. വോട്ടില്‍ കൃത്രിമം കാണിച്ചതിനും ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനും റിട്ടേണിങ് ഓഫിസര്‍ അനില്‍ മസിഹിനെ സുപ്രീം കോടതി ശാസിച്ചതിന് തൊട്ടുമുമ്പായിരുന്നു എഎപി നേതാക്കളുടെ കൂടുമാറ്റം.