ശ്രീനഗർ: വടക്കൻ കശ്‌മീരിൽ എംഎൽഎയുടെ റാലിക്ക് നേരെ ആൾക്കൂട്ട ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ബന്ദിപ്പോര ജില്ലയിലെ തുലൈലിലെ ഗുജ്‌റാനിലാണ് സംഭവം. നാഷണൽ കോൺഫറൻസ് എംഎൽഎ നസീർ അഹമ്മദ് ഖാന്‍റെ റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് പറഞ്ഞു.
ബിജെപി പ്രവർത്തകരാണ് തൻ്റെ റാലിയെ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ടതെന്ന് ഗുരെസ് എംഎൽഎ നസീർ അഹമ്മദ് ഖാന്‍ ആരോപിച്ചു. തനിക്കെതിരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി നേതാവ് ഫക്കീർ മുഹമ്മദ് ഖാൻ്റെ പ്രവർത്തകരും ബന്ധുക്കളുമാണ് ഇതിന് പുറകിലെന്നാണ് ഗുരെസ് എംഎൽഎ പറയുന്നത്.
അതേസമയം, നാഷണൽ കോൺഫറൻസ് പ്രവർത്തകർ തങ്ങളെ പ്രകോപിപ്പിച്ചതായി ബിജെപി നേതാവ് ഫക്കീർ ഖാൻ്റെ മകൻ ഡിഡിസി തുലൈൽ അജാസ് അഹമ്മദ് ഖാൻ പ്രതികരിച്ചു. റാലിയിൽ ചില പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞതും ആക്രമണം അഴിച്ച് വിട്ടതുമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് തുലൈൽ അജാസ് പറഞ്ഞു.