ന്യൂഡല്‍ഹി:റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയില്‍ തുടരുന്ന 20ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിക്‌സ് ഉച്ചകോടിയ്‌ക്കായി റഷ്യയിലെ കസാനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ മോദി ഉന്നയിച്ചേക്കും.
നിലവില്‍ റഷ്യയില്‍ തുടരുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തിന് വേണ്ടി റഷ്യൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് മിസ്രി വ്യക്തമാക്കി. 85 പേര്‍ തിരികെയെത്തിയെന്നും 20 പേര്‍ ഇപ്പോഴും റഷ്യൻ സൈന്യത്തില്‍ തുടരുന്നുണ്ടെന്നുമാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. യുദ്ധത്തില്‍ കൊല്ലപ്പെട്ട ചിലരുടെ മൃതദേഹാവശിഷ്‌ടങ്ങളും തിരികെ ലഭിച്ചിട്ടുണ്ട്. സേനയിലുള്ള എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.