കാൺപൂർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ തെരുവുനായ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം. ഗോവിന്ദ് നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സിടിഐ ബസ്‌തിയിൽ ഛോട്ടു പൂജ ദമ്പതികളുടെ മകൾ ഖുഷിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് വയസുകാരനായ സഹോദരന് ഗുരുതരമായി പരിക്കേറ്റു.
സഹോദരനുമായി രാത്രി വീട്ടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോയാണ് ഒരു കൂട്ടം തെരുവ് നായ്ക്കൾ ആറ് വയസുകാരിയെ കടിച്ചുകീറിയത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോയതായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായ്ക്കളെ ഓടിച്ചത്. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഖുഷി മരണത്തിന് കീഴടങ്ങിയിരുന്നു. സഹോദരൻ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തെത്തുടർന്ന്, തെരുവുനായ്ക്കളുടെ ഭീകരമായ ആക്രമണം നേരിടുന്നതിൽ ഭരണകൂടം പുലര്‍ത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് വീട്ടുകാർ ബഹളം വെക്കുകയും പെൺകുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും ചെയ്‌തു.ഗോവിന്ദ് നഗർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് പ്രശാന്ത് മിശ്ര, എസിപി ബാബുപൂർവ അമർനാഥ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരായ കുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
നായ ശല്യവുമായി ബന്ധപ്പെട്ട് നേരത്തെ പലതവണ പരാതി നൽകിയിരുന്നെങ്കിലും കാര്യമായെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇക്കാര്യത്തിൽ നഗരസഭയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് വിശദീകരണം നൽകിയിട്ടുണ്ടെന്ന് മേയർ പ്രമീള പാണ്ഡെ പറഞ്ഞു.
Also Read : ചൂടില്‍ നായകൾക്ക് അക്രമവാസന കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ കടിയേല്‍ക്കാതെ രക്ഷപെടാം - DOG BITES CASES INCRASING