ഭോപ്പാൽ:അയ്യായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭോപ്പാൽ വാതക ദുരന്തം നടന്ന് നാൽപത് വർഷങ്ങൾക്ക് ശേഷം യൂണിയൻ കാർബൈഡ് ഫാക്‌ടറിയിൽ നിന്നുള്ള അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്‌തു. 337 മെട്രിക് ടൺ വിഷമാലിന്യങ്ങളാണ് 12 സീൽ ചെയ്‌ത കണ്ടെയ്‌നർ ട്രക്കുകളിലാക്കി നീക്കിയത്. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള പിത്തംപൂരിലെ ധാർ വ്യവസായ മേഖലയിലേക്കാണ് മാലിന്യങ്ങൾ മാറ്റിയത്.
സുപ്രീം കോടതിയിൽ നിന്ന് പോലും നിർദേശങ്ങൾ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയൻ കാർബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബർ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യ ശാസനം നല്‍കിയിരുന്നു. മാലിന്യങ്ങൾ മാറ്റാൻ നാലാഴ്‌ചത്തെ സമയപരിധി നല്‍കുകയും ചെയ്‌തിരുന്നു. ജനുവരി മൂന്നിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിര്‍ദേശമുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി ബെഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ച് തരം മാലിന്യങ്ങൾ പ്രത്യേകം പാക്ക് ചെയ്‌തിട്ടുണ്ട്. മാലിന്യങ്ങൾക്കൊപ്പം പരിസരത്തെ മണ്ണും നീക്കം ചെയ്‌തിട്ടുണ്ട്. മാലിന്യവുമായി പോകുന്ന 12 കണ്ടെയ്‌ർ ട്രക്കുകള്‍ക്കും വഴി മധ്യേ നിര്‍ത്താൻ പാടില്ലെന്ന കര്‍ശന നിര്‍ദേശമുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകൾക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്‌റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്.
മാലിന്യ നിർമാർജനത്തിന് 126 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. 100 ഓളം പേരെയാണ് മാലിന്യ നിര്‍മ്മാജനത്തിനായി നിയോഗിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടം, മുനിസിപ്പൽ കോർപ്പറേഷൻ, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള 400 ഉദ്യോഗസ്ഥരെയും 100 പൊലീസുകാരെയും ഫാക്‌ടറിയില്‍ വിന്യസിച്ചിട്ടുണ്ട്.
1984 ഡിസംബർ 2-3 രാത്രിയിൽ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്‌ടറിയിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് (MIC) വാതകം ചോർന്ന് 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഇന്നും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായാണ് ഈ ദുരന്തത്തെ കണക്കാക്കുന്നത്.
Read More: കുഴല്‍ക്കിണറില്‍ വീണ് പത്ത് ദിവസത്തിന് ശേഷം പുറത്തെടുത്ത മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി; സ്ഥിരീകരിച്ച് ഡോക്‌ടര്‍മാര്‍ - CHETNA BOREWELL RESCUE UPDATE