രേവ (മധ്യപ്രദേശ്): വിദ്യാലയത്തിന് സമീപമുള്ള വീടിന്‍റെ മതില്‍ തകര്‍ന്ന് വീണ് നാല് കുട്ടികള്‍ മരിച്ചു. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കുണ്ട്.
ഗാര്‍ഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാം ഗൃഹ് നെയ്‌ഗഹി മോദ് എന്ന സ്വകാര്യ സ്കൂളിലെ കുട്ടികളാണ് അപകടത്തിനിരയായത്. സ്കൂള്‍ വിട്ട് മടങ്ങും വഴിയാണ് അപകടമുണ്ടായത്. 19 കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു.
ഉടന്‍തന്നെ ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചെങ്കിലും നാല് പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അടുത്തിടെ പെയ്‌ത മഴയില്‍ വീട് ഏതാണ്ട് തകര്‍ന്ന സ്ഥിതിയിലായിരുന്നു. ഇതിന്‍റെ മതിലാണ് ഇടിഞ്ഞ് വീണത്. പരിക്കേറ്റ കുട്ടികളെ ഗാന്‍ഗേവിലെ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നിന്ന് ഗുരുതരമായി പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പരിക്കേറ്റ കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് രേവ പൊലീസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗ്രാമം ആകെ ദുഃഖസാന്ദ്രമായിരിക്കുകയാണ്.
Also Read:പ്രകൃതി ക്ഷോഭം; നഷ്‌ടപരിഹാരത്തുക നല്‍കല്‍ വേഗത്തിലാക്കണമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം