കോട്‌പുട്‌ലി: കുഴല്‍ക്കിണറില്‍ വീണ ചേതനയെന്ന മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും തുടരുകയാണ്. രാജസ്ഥാനിലെ കോട്‌പുട്‌ലിയിലെ കിരാത്പൂര്‍ ഗ്രാമത്തിലാണ് കുഞ്ഞ് 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ പതിക്കുകയായിരുന്നു.
കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ശുഭ സൂചനകളാണ് ഉള്ളതെന്ന് സബ്‌ഡിവിഷണല്‍ മജിസ്ട്രേറ്റ് ബ്രജേഷ് ചൗധരി പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴുള്ളതിന്‍റെ താഴെയായി ഒരു റിങ്ങ് സ്ഥാപിച്ചു. അത് കൊണ്ട് തന്നെ ഉടന്‍ കുട്ടിയെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നമില്ലെന്നും ചൗധരി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രക്ഷാദൗത്യം നേരിടുന്ന വെല്ലുവിളികള്‍
കിണറിന് ചുറ്റുമുള്ള മണ്ണാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. മണ്ണിന് ഈര്‍പ്പം ഉള്ളതിനാല്‍ കൂടുതല്‍ കുഴിക്കുന്നത് വെല്ലുവിളിയാണ്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും പരമാവധി ശ്രമിക്കുകയാണ്. എന്നാല്‍ എത്രസമയം വേണ്ടി വരുമെന്ന് പറയാനാകില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ സംഘത്തിലെ സബ് ഇന്‍സ്‌പെക്‌ടര്‍ രവി കുമാര്‍ പറഞ്ഞു. കുട്ടിക്ക് ചുറ്റും ധാരാളം നനവുള്ള മണ്ണുണ്ട്. കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റിനുള്ളിലേക്ക് ഓക്‌സിജന്‍ നിരന്തരം എത്തിക്കുന്നുണ്ട്.
രക്ഷാസംഘം
25 ദേശീയ ദുരന്തനിവാരണ സേന അംഗങ്ങളും പതിനഞ്ച് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ കോട്‌പുളി എസ്‌പി, എഎസ്‌പി, ഡിഎസ്‌പി, മൂന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള എസ്എച്ച്ഒമാര്‍ എന്നിവരുള്‍പ്പെടെ 40 പൊലീസുകാരും സംഘത്തിലുണ്ട്. സിഎംഎച്ച്ഒ, ബിസിഎംഎച്ച്ഒ, ശിശുരോഗവിദഗ്‌ധന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി, 19 നഴ്‌സുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഗ്നിരക്ഷാസേനയില്‍ നിന്നുള്ള 25 പേരും രംഗത്തുണ്ട്.