ബഹ്റെയ്‌ച്:ഗോതമ്പ് മോഷ്‌ടിച്ചെന്ന് ആരോപിച്ച് മൂന്ന് ദലിത് ബാലന്‍മാരെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ കോട്‌വാലി താന്‍പര മേഖലയിലെ തേദിയ ഗ്രാമത്തിലെ താജ് പൂരിലെ ഒരു കോഴിഫാമില്‍ നിന്ന് ഗോതമ്പ് മോഷ്‌ടിച്ചെന്നാരോപിച്ചായിരുന്നു ക്രൂരത. കുട്ടികളുടെ തലമൊട്ടയടിച്ച് തലയില്‍ കള്ളന്‍മാരെന്ന് എഴുതി ഗ്രാമത്തിലുടനീളം നടത്തുകയും ചെയ്‌തു.
ചിലര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേരെ ജയിലിലാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രജിത് രാം പാസ്വാന്‍ എന്ന ഗ്രാമവാസിയാണ് പരാതി നല്‍കിയത്. നസീം എന്നൊരാള്‍ ഒരു കോഴി ഫാം നടത്തുന്നുണ്ടെന്നും ഇവിടെ ചെറിയ കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. നസീമും ഇയാളുടെ മകനും ചേര്‍ന്ന് രജിത്തിന്‍റെയും അയല്‍ക്കാരന്‍റെയും മക്കളെ മര്‍ദിച്ചെന്നാണ് കേസ്. കോഴിഫാമില്‍ നിന്ന് അഞ്ച് കിലോ ഗോതമ്പ് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
കുട്ടികളെ ബലമായി പിടിച്ച് കൊണ്ടു പോയി മര്‍ദിച്ച ശേഷം ഇവരുടെ തലമൊട്ടയടിക്കുകയും ചെയ്‌തു. പിന്നീട് കള്ളനെന്ന് തലയില്‍ എഴുതി മുഖത്ത് കരിപുരട്ടി കുട്ടികളെ ഗ്രാമത്തിലൂടെ നടത്തിച്ചു. സംഭവം പൊലീസില്‍ അറിയിച്ചാല്‍ കുട്ടികള്‍ക്ക് കുഴപ്പമുണ്ടാകുമെന്ന് മുന്‍ ഗ്രാമത്തലവന്‍ ഷാനു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിവിധ വകുപ്പുകള്‍ ചുമത്തി നാല് പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തതായി നാന്‍പറ സര്‍ക്കിള്‍ ഓഫീസര്‍ പ്രദ്യുമ്‌ന കുമാര്‍ സിങ് അറിയിച്ചു. കൊലപാതകം, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പുകളടക്കമാണ് ചുമത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ഇവരെ റിമാന്‍ഡ് ചെയ്‌ത് ജയിലടച്ചതായും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഉത്തരേന്ത്യയില്‍ ദലിതുകള്‍ക്കും കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശില്‍ ഒരു യുവാവിനെ കഴിഞ്ഞ കൊല്ലം ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സഹോദരി നല്‍കിയ ബലാത്സംഗക്കേസ് പിന്‍വലിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു ഇത്.
യുവാവിനൊപ്പം പരാതി നൽകിയ സഹോദരിയെയും ക്രൂരമായി മർദിച്ച ആക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്‌തു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികൾ മാതാവിനെ വിവസ്ത്രയാക്കിയത്. തുടർന്ന് പൊലീസ് എത്തിയാണ് ഇവർക്ക് ധരിക്കാൻ വസ്ത്രം നൽകിയത്. പെൺകുട്ടിയുടെ മറ്റ് സഹോദരങ്ങൾക്ക് വേണ്ടിയും ആക്രമികൾ ഗ്രാമത്തിൽ തെരച്ചിൽ നടത്തി.
Also Read:മധ്യപ്രദേശിൽ ആൾക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്നു; മാതാവിനെ വിവസ്ത്രയാക്കി തല്ലിച്ചതച്ചു