ഭോപ്പാൽ: മധ്യപ്രദേശിൽ 15 മാസം പ്രായമുള്ള കുഞ്ഞ് ബ്ലേഡ് വിഴുങ്ങി. അരമണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്കൊടുവിൽ ശ്വാസനാളത്തിൽ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്തു. അനുപ്പൂർ ജില്ലയിലെ അന്ദാരി ഗ്രാമത്തിൽ ബുധനാഴ്‌ച (മെയ് 8) വൈകുന്നേരമാണ് സംഭവം. ഷഹ്‌ദോൾ മെഡിക്കൽ കോളജിലെ ഡോക്‌ടർമാരുടെ സംഘമാണ് പരിശ്രമത്തിനൊടുവില്‍ ശ്വാസനാളത്തിൽ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്ത് കുഞ്ഞിന്‍റെ ജീവൻ രക്ഷിച്ചത്.
ശ്വാസതടസവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ഷഹ്‌ദോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്ലേഡ് വിഴുങ്ങിയതായും ശ്വാസനാളത്തിൽ കുടുങ്ങിയതായും മനസിലാകുന്നത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടി നിലത്തു കിടന്ന മൂർച്ചയുള്ള ബ്ലേഡിൻ്റെ പകുതി ഭാഗം വിഴുങ്ങുകയായിരുന്നു. ഇത് കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതോടെ ശ്വാസം തടസം നേരിട്ടു.