ന്യൂഡൽഹി :രാജ്യസഭയില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച് എന്‍ഡിഎ. ഒഴിവുള്ള 12 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജോർജ് കുര്യന്‍ ഉൾപ്പെടെ 11 എന്‍ഡിഎ അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയില്‍ നിന്ന് ഒമ്പത് അംഗങ്ങളും സഖ്യകക്ഷികളായ എൻസിപിയില്‍ നിന്നും രാഷ്ട്രീയ ലോക് മോർച്ചയില്‍ നിന്നും ഓരോ അംഗങ്ങളുമാണ് വിജയിച്ചത്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ട് കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. സഹമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മിഷൻ രഞ്ജൻ ദാസ് (അസം), രാമേശ്വർ തെലി (അസം), മനൻ കുമാർ മിശ്ര (ബിഹാര്‍), കിരൺ ചൗധരി (ഹരിയാന), ധര്യഷീൽ പാട്ടീൽ (മഹാരാഷ്ട്ര), മമത മൊഹന്ത (ഒഡിഷ), റജീബ് ഭട്ടാചാരി (ത്രിപുര) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ബിജെപി സ്ഥാനാർഥികള്‍.
എൻസിപിയുടെ നിതിൻ പാട്ടീലും (മഹാരാഷ്ട്ര) രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയും (ബിഹാര്‍) രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരാള്‍ കോൺഗ്രസ് അംഗമാണ്. തെലങ്കാനയിൽ നിന്നുളള അഭിഷേക് മനു സിംഗ്വിയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാര്‍ഥി.
രാജ്യസഭയുടെ മൊത്തം അംഗബലം 245 ആണ്. ഇതില്‍ ജമ്മു കശ്‌മീരിൽ നിന്നുള്ള നാല് പേരുടെയും നാമനിർദേശിത വിഭാഗത്തിലെ നാല് പേരുടെയും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ രാജ്യസഭയില്‍ 237 അംഗങ്ങളാണുളളത്. 119 അംഗമാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ രാജ്യസഭയില്‍ നേരത്തെ എൻഡിഎയ്ക്ക് 110 എംപിമാരുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.