ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്‌തിരുന്ന ഇന്ത്യാക്കാരില്‍ പത്ത് പേര്‍ തിരിച്ചെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിവിധ തലങ്ങളില്‍ ഇന്ത്യ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായാണ് ഇവര്‍ തിരിച്ചെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
റഷ്യയിലെ വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങളുമായി നിരന്തരം തങ്ങള്‍ ആശയവിനിമയം നടത്തി. റഷ്യന്‍ സേനയിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും തിരിച്ചെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെയുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും ഉടന്‍ തന്നെ അവരവരുടെ വീടുകളില്‍ എത്തിക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷാ ചുമതലയുള്ള ഉന്നതരുടെ പന്ത്രണ്ടാമത് രാജ്യാന്തര യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്രസുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ഇപ്പോള്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് ഉള്ളത്. ഇതിനിടെ ഡോവല്‍ വിവിധ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.