കേരളം

kerala

ETV Bharat / automobile-and-gadgets

കൂടുതൽ കാലം ഈട് നിൽക്കുന്ന ഫോണാണോ വേണ്ടത്? വിവോ വി 50 വരുന്നു, അഞ്ച് വർഷത്തെ സ്‌മൂത്ത് പെർഫോമൻസ് ഗ്യാരണ്ടി!! ലോഞ്ച് ഫെബ്രുവരി 17ന് - VIVO V50 LAUNCH DATE

നിരവധി എഐ ഫീച്ചറുകളുമായി വിവോയുടെ പുതിയ ഫോൺ വരുന്നു. വി 50യുടെ ലോഞ്ച് ഫെബ്രുവരി 17ന്. ഫോണിന് അഞ്ച് വർഷം വരെ സ്‌മൂത്തായ പെർഫോമൻസ് നൽകാൻ കഴിയുമെന്ന് വിവോ. കമ്പനി പുറത്തുവിട്ട സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കാം..

VIVO V50 PRICE INDIA  VIVO NEW PHONE  വിവോ  VIVO V50 FEATURES
Etv Bharat (Credit: Vivo India)

By ETV Bharat Tech Team

Published : Feb 9, 2025, 3:33 PM IST

ഹൈദരാബാദ്:ചൈനീസ് കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ ഫോണായ വി50 ലോഞ്ചിനൊരുങ്ങുന്നു. ഫെബ്രുവരി 17ന് ആയിരിക്കും ഫോണിന്‍റെ ലോഞ്ചെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 7ന് പുറത്തിറക്കിയ വിവോ വി 40യുടെ പിൻഗാമിയായിരിക്കും വരാനിരിക്കുന്ന വി50. നിരവധി എഐ ഫീച്ചറുകൾ ഫോണിൽ ഫീച്ചർ ചെയ്യും. ഇന്ത്യയിൽ 6000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും വണ്ണം കുറഞ്ഞ ഫോണാണ് വരാനിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചൈനയിൽ പുറത്തിറക്കിയ വിവോ എസ് 20 മോഡലിന്‍റെ റീബ്രാൻഡ് ചെയ്‌ത പതിപ്പാവും വിവോ വി50. ഫോണിന്‍റെ ചില സ്‌പെസിഫിക്കേഷനുകൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്‌. ഡിസൈൻ, കളർ ഓപ്‌ഷനുകൾ, ഡിസ്‌പ്ലേ, ക്യാമറ, ഓപ്പറേറ്റിങ് സിസ്റ്റം, ബാറ്ററി, ചാർജിങ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് കമ്പനി ലോഞ്ചിന് മുൻപ് തന്നെ പുറത്തുവിട്ടിരിക്കുന്നത്.

വിവോ വി50 (ഫോട്ടോ: വിവോ ഇന്ത്യ)

ലോഞ്ച് തീയതി:2025 ഫെബ്രുവരി 17ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12 മണിക്കാണ് വിവോ വി 50 ലോഞ്ച് ചെയ്യുക. തങ്ങളുടെ എക്‌സ്‌ പോസ്റ്റിലൂടെ കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോൺ, ഫ്ലിപ്‌കാർട്ട്, വിവോ ഇന്ത്യയുടെ ഇ-സ്റ്റോർ എന്നിവ വഴിയായിരിക്കും ഫോൺ വിൽപ്പനയ്‌ക്കെത്തുക.

എഐ ഫീച്ചറുകൾ: സർക്കിൾ ടു സെർച്ച്, ട്രാൻസ്‌ക്രിപ്‌റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്‌ലേഷൻ, എഐ ബാക്ക്‌ഡ് ഫോട്ടോ ഇമേജിങ്, എറേസ് 2.0, ലൈറ്റ് പോർട്രെയ്‌റ്റ് 2.0 പോലുള്ള എഡിറ്റിങ് ഫീച്ചറുകൾ എന്നിങ്ങനെ നിരവധി എഐ ഫീച്ചറുകളോടെയാണ് വിവോ വി 50 പുറത്തിറക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഫോണിൽ ഒരു ഫോട്ടോ എടുത്ത്, അല്ലെങ്കിൽ ഗാലറിയിൽ ഒരു ഫോട്ടോ എടുത്ത് ഒരു വൃത്തം വരയ്‌ക്കുകയാണെങ്കിൽ അതിനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന സർക്കിൾ ടു സെർച്ച് ഫീച്ചർ സാംസങ് എസ്‌ 25 സീരീസിലും ലഭ്യമാണ്.

വിവോ വി50 (ഫോട്ടോ: വിവോ ഇന്ത്യ)

ഡിസ്‌പ്ലേ:അൾട്ര സ്ലിം ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേ ആയിരിക്കും വി50 മോഡലിന് ലഭിക്കുകയെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. മികച്ച കാഴ്‌ചാനുഭവം നൽകുന്നതായിരിക്കും ഈ ഡിസ്‌പ്ലേ.

കളർ ഓപ്‌ഷനുകൾ:റോസ് റെഡ്, സ്റ്റാറി നൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലായിരിക്കും വിവോ വി 50 ലഭ്യമാവുക.

ഐപി റേറ്റിങ്:വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി ഐപി 68, 69 എന്നീ റേറ്റിങാണ്വി50 ഫോണിന് ലഭിക്കുക.

ബാറ്ററി, ചാർജിങ്:6,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഫീച്ചർ ചെയ്യുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 90 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ് ആയിരിക്കും ഫോൺ പിന്തുണയ്‌ക്കുക. 6000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും വണ്ണം കുറഞ്ഞ ഫോണായിരിക്കും വി 50 എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

വിവോ വി50 ക്യാമറ വിശദാംശങ്ങൾ (ഫോട്ടോ: വിവോ ഇന്ത്യ)

ക്യാമറ:ഒഐഎസ് പിന്തുണയുള്ള 50 എംപി മെയിൻ സെൻസറും, ഓറ ലൈറ്റ് ഫീച്ചറുള്ള 50 എംപി അൾട്രാവൈഡ് ഷൂട്ടറും, 50 എംപി സെൻസറുള്ള ഫ്രണ്ട് ക്യാമറയും ഫോണിൽ ഫീച്ചർ ചെയ്യും. നൈറ്റ് പോർട്രെയ്റ്റുകൾ മെച്ചപ്പെടുത്തുന്നതിനായി വി 50 ഫോണിൽ പുതുക്കിയ എഐ 3ഡി സ്റ്റുഡിയോ ലൈറ്റിങ് 2.0 അൽഗോരിതം നൽകിയിട്ടുണ്ട്. കൂടാതെ എഐ ഉപയോഗിച്ചുള്ള നിരവധി ഫോട്ടോ എഡിറ്റിങ് ഫീച്ചറുകളും ലഭിക്കും.

ഓപ്പറേറ്റിങ് സിസ്റ്റം:ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് ലഭ്യമാകുക.

പെർഫോമൻസ്:ഒരുപാട് നേരത്തെ ഉപയോഗത്തിന് ശേഷവും തടസ്സങ്ങളോ ലാഗോ ഇല്ലാതെ സുഗമമായി ഉപയോഗിക്കാനാകും. 60 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെ ഈ ഫോൺ ഉപയോഗിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതായത് ഏകദേശം അഞ്ച് വർഷത്തോളം ഈ ഫോൺ സ്‌മൂത്തായ പെർഫോമൻസ് നൽകും.

മറ്റ് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ:വിവോ വി 50യുടെ മറ്റ് പല ഫീച്ചറുകളും ചോർന്നിരുന്നു. ഫോണിന്‍റെ ഡിസ്‌പ്ലേയുടെ വലിപ്പം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചോർന്ന വിവരമനുസരിച്ച് 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഫോണിന് ലഭിക്കുക. വിവോ വി40 ക്ക് സമാനമായി വി50 മോഡലിലും ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റ് തന്ന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ വിലയെക്കുറിച്ചും കമ്പനി സൂചനകളൊന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ ചോർന്ന വിവരങ്ങളനുസരിച്ച്, വിവോ വി50 ഫോണിന്‍റെ പ്രാരംഭവില 40,000 രൂപയ്‌ക്കുള്ളിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ വി50യുടെ മുൻ മോഡലായ വി 40യുടെ ലോഞ്ച് വില 34,999 രൂപയായിരുന്നു.

Also Read:

  1. iQOO നിയോ 10 ആർ vs നത്തിങ് ഫോൺ 3എ: മാർച്ചിൽ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പുറത്തിറക്കും; മികച്ചതേത്? താരതമ്യം ചെയ്യാം...
  2. വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ബുക്കിങുകൾ: സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിന് ഇന്ത്യയിൽ ലഭിച്ചത് മികച്ച പ്രതികരണം
  3. ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ: ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു; ലോഞ്ച് ഫെബ്രുവരിയിൽ
  4. മൂന്നായി മടക്കാവുന്ന ഫോൺ: ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ആഗോള ലോഞ്ചിനൊരുങ്ങുന്നു; ഇന്ത്യയിൽ പുറത്തിറക്കുമോ?
  5. ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്

ABOUT THE AUTHOR

...view details