ഹൈദരാബാദ്:പ്രമുഖ കാർ നിർമ്മാതാക്കളുടെ കരുത്തേറിയ എസ്‌യുവികൾ ലോഞ്ചിങിനായി കാത്തിരിക്കുന്നു. ഹോണ്ട അമേസ്, ടൊയോട്ട കാമ്രി, കിയ സിറോസ് തുടങ്ങിയ കമ്പനികളുടെ എസ്‌യുവി കാറുകൾ ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോണ്ട അമേസ് ഡിസംബർ 4 നും ടൊയോട്ട കാമ്രി ഡിസംബർ 11നും കിയ സിറോസ് ഡിസംബർ 19നും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ മോഡലുകളുടെ ലോഞ്ചിങ് തീയതിയും ഫീച്ചറുകളും പരിശോധിക്കാം.
ഹോണ്ട അമേസ് 2024 :
ഹോണ്ടയുടെ പുതിയ അമേസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഡിസംബർ 4 ന് ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ലോഞ്ചിന് മുൻപ് തന്നെ പുതിയ മോഡലിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുറത്തുവന്ന ചിത്രമനുസരിച്ച് വാഹനത്തിന്‍റെ ഇൻ്റീരിയർ ഡിസൈനിലും എക്‌സ്റ്റീരിയർ ഡിസൈനിലും മാറ്റങ്ങൾ കാണാനാകും. കൂടാതെ പുതിയ സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ഡാഷ്‌ബോർഡ് ലേഔട്ട്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ,8 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയ ഇന്‍റീരിയർ ഫീച്ചറുകളും എയർബാഗുകൾ, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ലെയ്ൻ-കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ് തുടങ്ങിയവ സെക്യൂരിറ്റി ഫീച്ചറുകളും പുതിയ പതിപ്പിൽ നൽകിയിട്ടുണ്ട്.
മുൻ മോഡലിൽ ഉണ്ടായിരുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ മോഡലിലും നിലനിർത്തിയിരിക്കുന്നത്. 90 എച്ച്പി പവറും 110 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് എഞ്ചിൻ. നിലവിലെ മോഡലിന് 7.3 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. കൂടുതൽ ഫീച്ചറുകളുമായി പുതിയ ലുക്കിലെത്തുന്ന പുതിയ മോഡലിന് ഇതിലും വില കൂടും.
ടൊയോട്ട കാമ്രി 2025:
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട പുതിയ കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. കാമ്രിയുടെ പുതിയ പതിപ്പ് ഡിസംബർ 11ന് ഇന്ത്യയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുൻ മോഡലിൽ നിന്നും തികച്ചും പുതിയ ഇൻ്റീരിയറുമായാണ് കാമ്രി എത്തുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിലെ ഹൈബ്രിഡ് കാർ വിഭാഗത്തിൽ മുൻനിരയിലുള്ള മോഡലാണ് ഇത്. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകളുമായാണ് കാമ്രി എത്തുക. പുതിക്കിയ പതിപ്പിൽ പുതിയ ബമ്പർ ഡിസൈൻ ഉൾപ്പെടുത്തുന്നതിനാൽ, പുതിയ മോഡലിന് മുൻ ഹൈബ്രിഡ് മോഡലിനേക്കാൾ അധികം വലിപ്പം ലഭിക്കാനാണ് സാധ്യത.
പുതിയ ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ADAS ഫീച്ചറുകൾ, സ്റ്റിയറിങ് അസിസ്റ്റ്, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, പ്രീ-കൊളീഷൻ ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും കാമ്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മോഡലിലെ അതേ 2.5 ലിറ്റർ ഹൈബ്രിഡ് എഞ്ചിനാണ് പുതിയ മോഡലിലും നിലനിർത്തിയിരിക്കുന്നത്. ഫ്രണ്ട്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. പുതിയ കാമ്രി പതിപ്പിന്‍റെ ഹൈബ്രിഡ് എഞ്ചിൻ 222 ബിഎച്ച്‌പി പവർ നൽകും. ഇത് മുൻമോഡലിനേക്കാൾ കൂടുതലാണ്.
കിയ സിറോസ് കോംപാക്‌റ്റ് എസ്‌യുവി:
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയയുടെ വരാനിരിക്കുന്ന സിറോസ് എസ്‌യുവിഡിസംബർ 19 ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ചിന് മുന്നോടിയായി പുതിയ എസ്‌യുവിയുടെ ടീസർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കിയ സിറോസ് എസ്‌യുവിയിൽ പനോരമിക് സൺറൂഫ്, എൽഇഡി ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, റൂഫ് റെയിലുകൾ, എഡിഎഎസ് പോലുള്ള സുരക്ഷാ ഫീച്ചറുകൾ തുടങ്ങിയ ഫീച്ചറുകൾ നൽകുമെന്നാണ് പുറത്തിറങ്ങിയ ടീസറിൽ നിന്നും മനസിലാക്കാനാവുന്നത്.
എന്നാൽ ഇത്തരം ഫീച്ചറുകൾ സിറോസിന്‍റെ ബേസിക് വേരിയന്‍റുകളിൽ ലഭ്യമാകില്ല. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലായിരിക്കും പുതിയ എസ്‌യുവി പുറത്തിറക്കുകയെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഡിസൈനിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെയായിരിക്കും പുതിയ എസ്‌യുവി പുറത്തിറക്കുന്നത്. എൽഇഡി ഡിആർഎല്ലിനൊപ്പം എൽഇഡി ലൈറ്റുകളും പുതിയ എസ്‌യുവിയിൽ ലഭ്യമാകും. ബോണറ്റിൻ്റെ മധ്യഭാഗത്താണ് കിയ ലോഗോ സ്ഥാപിച്ചിരിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാകും. ലോഞ്ച് ചെയ്യുന്ന സമയത്ത് പുതിയ മോഡലിന്‍റെ വില കമ്പനി പ്രഖ്യാപിക്കും. 10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ വാഹനം പുറത്തിറക്കാനാണ് സാധ്യത.