ഹൈദരാബാദ്: കഴിഞ്ഞ സെപ്റ്റംബറിൽ ഐഫോൺ 16 സീരിസ്, വിവോ ടി3 അൾട്ര, മോട്ടറോള റേസർ 50 അടക്കം നിരവധി സ്‌മാർട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ ഒക്‌ടോബറിലും പ്രമുഖ കമ്പനികളുടെ സ്‌മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനും വിൽപന ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഈ മാസം പുറത്തിറങ്ങുന്ന അത്തരം ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
വൺപ്ലസ് 13:
വൺപ്ലസ് കമ്പനിയുടെ മുൻനിര സ്‌മാർട്ട്‌ഫോണുകളിലൊന്നാണ് വൺപ്ലസ് 13. ഒക്ടോബർ മാസത്തിൽ ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസർ ഉള്ള മികച്ച ഫോണായിരിക്കും ഇത്. വിപണിയിൽ നിലവിലുള്ളതിൽ മികച്ച ബാറ്ററി പവർ ആണ് വരാനിരിക്കുന്ന വൺപ്ലസ് 13ന്‍റെ മറ്റൊരു പ്രത്യേകത. 6,000 എംഎഎച്ച് ആണ് ബാറ്ററി പവർ. 100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ വരുന്ന വൺപ്ലസ് 13 വിപണി പിടിച്ചടക്കുമെന്നതിൽ സംശയമില്ല.
iQOO 13:
വിവോയുടെ സബ് ബ്രാൻഡായ iQOO അതിൻ്റെ പ്രീമിയം സ്‌മാർട്ട്‌ഫോൺ സീരിസായ iQOO 13 സീരീസ് ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിക്കും. ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 8 Gen 4 പ്രോസസറിൽ പ്രവർത്തിക്കുന്നതായിരിക്കും ഈ സ്‌മാർട്‌ഫോൺ ശ്രേണി എന്നാണ് വിവരം. ഉയർന്ന ഡസ്റ്റ് ആന്‍റ് വാട്ടർ റെസിസ്റ്റന്‍റ് ശേഷിയാണ് IP68 റേറ്റിങ് ഉള്ള പുതിയ ഫോണിന്‍റെ മറ്റൊരു സവിശേഷത. ഫോണിന് 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ടാകും. 6.7 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയും 144Hz റിഫ്രഷ് റേറ്റും ഉണ്ടാകും. 6,150mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗും ഇതിൽ ഫീച്ചർ ചെയ്തേക്കാമെന്നാണ് മറ്റൊരു വിവരം.
സാംസങ് ഗാലക്‌സി S24 FE:
സാംസങ് അതിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി S24 FE ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചിരുന്നു. നാളെ (ഒക്ടോബർ 3) മുതൽ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. സാംസങ് എക്‌സിനോസ് 2400e ചിപ്‌സെറ്റിലാണ് സാംസങ് ഗാലക്‌സി S24 FE പ്രവർത്തിക്കുന്നത്. 4,700എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് 8 ജിബി റാമും 512 ജിബി ഇന്‍റേണൽ സ്റ്റോറേജും ഉണ്ടാകും.
ലാവ അഗ്‌നി 3:
ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ലാവ അഗ്നി 3 ഒക്ടോബർ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയും 120Hz വരെ റിഫ്രഷ് റേറ്റും ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മീഡിയാടെക് ഡയമെൻസിറ്റി 7300 പ്രൊസസറിലായിരിക്കും ലാവയുടെ ഏറ്റവും പുതിയ ഫോൺ പ്രവർത്തിക്കുക. 8 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജും ഉണ്ടാകും. ലാവ അഗ്നി 3 ഫോണിന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാമെന്നും പറയപ്പെടുന്നു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള മിഡ് റേഞ്ച് അഗ്നി സീരിസിലെ ഈ സ്‌മാർട്ട്‌ഫോണിന് 5,000mAh ബാറ്ററിയും 66W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഉണ്ടായിരിക്കും.
ഇൻഫിനിക്‌സ് സീറോ ഫ്ലിപ്:
ഇൻഫിനിക്‌സിന്‍റെ പുതിയ മോഡലായ ഇൻഫിനിക്‌സ് സീറോ ഫ്ലിപ് സ്‌മാർട്‌ഫോൺ ഈ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 6.9 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയിൽ 120Hz റിഫ്രഷ് റേറ്റോടെയാണ് പുതിയ ഫോൺ വരുന്നത്. 1056 x 1066 പിക്‌സൽ റെസല്യൂഷനുള്ള 3.64 ഇഞ്ച് AMOLED പാനൽ ഉള്ള കവർ ഡിസ്‌പ്ലേ ആണ് ഇൻഫിനിക്‌സ് സീറോ ഫ്ലിപ് സ്‌മാർട്‌ഫോണിനുള്ളത്. മീഡിയാടെക് ഡയമെൻസിറ്റി 8020 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 8 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഉണ്ട്. 50MP പ്രൈമറി സെൻസറും, 50MP അൾട്ര വൈഡ് ആംഗിൾ ലെൻസും ഉള്ള ഡുവൽ റിയർ ക്യാമറയും 32 എംപിയുടെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
Also Read: നനഞ്ഞ കൈ കൊണ്ടും മൊബൈൽ സ്‌ക്രീൻ പ്രവർത്തിപ്പിക്കാം; വെറ്റ് ടച്ച് ഫീച്ചറുമായി വിവോ V40e പുറത്തിറക്കി