ഹൈദരാബാദ്: ടൊയോട്ടയുടെ പ്രീമിയം ലക്ഷ്വറി സെഡാനായ ടൊയോട്ട കാമ്രിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. കാമ്രിയുടെ ഒമ്പതാം തലമുറ മോഡലാണ് പുറത്തിറക്കിയത്. പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനും ഇൻ്റീരിയറും പവർട്രെയിനും സഹിതമാണ് കാമ്രി അവതരിപ്പിച്ചിരിക്കുന്നത്. 48 ലക്ഷം രൂപയാണ് വില (എക്‌സ് -ഷോറൂം). ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമാണ് ഈ പ്രീമിയം സെഡാൻ ഇന്ത്യയിൽ ലഭ്യമാവുക.
പുതിയ ടൊയോട്ട കാമ്രിയുടെ എക്‌സ്റ്റീരിയറിന് മുൻ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുൻഗാമിയേക്കാൾ കൂടുതൽ ഷാർപ്പായ എക്‌സ്റ്റീരിയർ ഡിസൈനിലാണ് പുതിയ മോഡൽ ഡിസൈൻ ചെയ്‌തത്. പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും സി ആകൃതിയിലുള്ള ഡിആർഎല്ലുകളുമുള്ള വലിയ ഗ്രിൽ ഉപയോഗിച്ചാണ് പുതിയ കാമ്രിയുടെ മുൻഭാഗം ഡിസൈൻ ചെയ്‌തിരിക്കുന്നത്. കാമ്രി സെഡാൻ്റെ പിൻഭാഗത്തും സമാനമായ രീതിയിൽ സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ നൽകിയിട്ടുണ്ട്. 18, 19 ഇഞ്ച് സൈസുള്ള വീലുകളാണ് പുതുക്കിയ കാമ്രിയിൽ ലഭ്യമാവുക. എന്നാൽ ഇന്ത്യൻ മോഡലുകളിൽ 19 ഇഞ്ച് വീൽ മാത്രമാണ് ലഭ്യമാകുക.
സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് പുത്തൻ ലുക്കിലാണ് പുതിയ കാമ്രിയുടെ ഇൻ്റീരിയർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡാഷ്‌ബോർഡിന് ലെതറിൽ പൊതിഞ്ഞ സോഫ്റ്റ്-ടച്ച് പാനലുകളുള്ള മികച്ച ഡിസൈനാണ് നൽകിയിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, 12.3 ഇഞ്ച് സെൻ്റർ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ എന്നീ ഫീച്ചറുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയ കാമ്രിയുടെ പുതുക്കിയ മോഡലിൽ ലഭ്യമാവുക.