ഹൈദരാബാദ്: ദിവസേനയുള്ള പാചകത്തിന് അത്യന്താപേക്ഷിതമാണ് എൽപിജി ഗ്യാസ് സിലിണ്ടർ. ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും ഇന്ന് എൽപിജി സിലിണ്ടർ ഉണ്ടായിരിക്കും. അടുക്കളയിൽ വളരെയധികം ഉപകാരപ്രദമായ എൽപിജി സിലിണ്ടർ വളരെ അപകടകാരി കൂടിയാണ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്‌തില്ലെങ്കിൽ പൊട്ടിത്തെറിക്കാൻ വരെ സാധ്യത കൂടുതലാണ്. അതിനാൽ എൽപിജി സിലിണ്ടറിനെ കുറിച്ച് നമ്മൾ കൂടുതൽ അറിഞ്ഞിരിക്കേണ്ടതുണ്ട്. എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ ഉപയോഗവും അപകട സാധ്യത എങ്ങനെ കുറയ്‌ക്കാനുള്ള മാർഗങ്ങളും മറ്റും നമുക്ക് പരിശോധിക്കാം.
ലോജിസ്റ്റിക്‌സ് കമ്പനിയായ ഏജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ് പറയുന്നതനുസരിച്ച് ദ്രവീകൃത പെട്രോളിയം വാതകത്തെയാണ് എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) എന്നു പറയുന്നത്. ലളിതമായി പറഞ്ഞാൽ ഹൈഡ്രോകാർബൺ വാതകങ്ങളുടെ കൂട്ടത്തെയാണ് എൽപിജി എന്നു വിളിക്കുന്നത്. 30-70% ബ്യൂട്ടെയ്‌നിന്‍റെയും (C4H10), 30-70% പ്രൊപ്പെയ്‌നിന്‍റെയും (C3H8) മിശ്രിതമാണ് എൽപിജി. പാചകം മുതൽ വ്യാവസായിക ആവശ്യങ്ങൾക്ക് വരെ അനുയോജ്യമായ ഇന്ധനമാക്കി മാറ്റിയാണ് എൽപിജി ഉപയോഗിക്കുന്നത്.
എൽപിജിയുടെ തിളനില -40°C ആണ്. ഊഷ്‌മാവിൽ എളുപ്പത്തിൽ ബാഷ്‌പീകരിക്കാനും എൽപിജിക്ക് കഴിയും. അതിനാൽ തന്നെ എൽപിജി പെട്ടന്ന് തീപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ എൽപിജി സംഭരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.
നിറമില്ലാത്ത, വിഷരഹിതമായ വാതകമാണ് എൽപിജി. വായുവിനേക്കാൾ ഭാരമുള്ള എൽപിജിക്ക് വെള്ളത്തേക്കാൾ ഭാരം കുറവാണ്. എൽപിജി വിഷരഹിതമാണെങ്കിലും അടച്ചിട്ട സ്ഥലങ്ങളിലെ ഓക്‌സിജനെ എൽപിജിക്ക് പുറന്തള്ളാൻ സാധിക്കും. ഇത് വാതക ചോർച്ചയുണ്ടാകുമ്പോൾ ശ്വാസംമുട്ടലിന് കാരണമാകും. 1.8% മുതൽ 10% വരെ മാത്രമാണ് വായുവിലെ എൽപിജിയുടെ ജ്വലന പരിധി. ഇതിനർത്ഥം എൽപിജിക്ക് വായുവിൽ ഒരു പ്രത്യേക സാന്ദ്രത പരിധിക്കുള്ളിൽ മാത്രമേ തീപിടിക്കാൻ കഴിയൂ എന്നാണ്. ഇത് തീ ആളിപ്പടരുന്നതിന്‍റെ സാധ്യത കുറയ്‌ക്കുന്നു. എന്നിരുന്നാലും, കൃത്യമായ സുരക്ഷ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകട സാധ്യത വളരെ വലുതാണ്.
പാചകം, വാണിജ്യം, വ്യാവസായികം, ഗതാഗതം എന്നിവ ഉൾപ്പെടെ, വിവിധ ആവശ്യങ്ങൾക്കായി എൽപിജി ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. ഉയർന്ന ഊർജ്ജ മൂല്യം, ശുദ്ധമായ ജ്വലനം, മികച്ച ജ്വലന നിയന്ത്രണം, എളുപ്പത്തിലുള്ള സംഭരണം എന്നീ സവിശേഷതകൾ കാരണമാണ് എൽപിജി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.