ഹൈദരാബാദ്:ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മികച്ച റേറ്റിങ് നേടി കോംപാക്റ്റ് എസ്‌യുവി ആയ സ്‌കോഡ കൈലാഖ്. ക്രാഷ് ടെസ്റ്റിലെ ഏറ്റവും ഉയന്ന റേറ്റിങായ 5 സ്റ്റാർ സുരക്ഷാ റേറ്റിങാണ് ഈ എസ്‌യുവി നേടിയിരിക്കുന്നത്. അപകടങ്ങളിൽ ഉണ്ടാകുന്ന ആഘാതങ്ങളെ ചെറുക്കാൻ മികച്ച സുരക്ഷ ഫീച്ചറുകളുമായി 2024 ഡിസംബർ 2നാണ് സ്‌കോഡ തങ്ങളുടെ ഏറ്റവും പുതിയ വാഹനം പുറത്തിറക്കുന്നത്. 7.89 ലക്ഷം രൂപ പ്രാരംഭവിലയിൽ(എക്‌സ് ഷോറൂം വില) ആരംഭിച്ച് 14.40 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകൾക്ക് സ്‌കോഡ വില നൽകിയിരിക്കുന്നത്.
കാറിന് അപകടം സംഭവിക്കുമ്പോഴോ, കൂട്ടിയിടിക്കുമ്പോഴോ അതിലെ യാത്രക്കാരുടെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്നത് പരിഗണിച്ചാണ് സുരക്ഷ റേറ്റിങ് നൽകുന്നത്. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷ, ഭാരത് എൻസിഎപി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി ലോക്ക് എന്നീ കാര്യങ്ങളുടെ സുരക്ഷയാണ് ഭാരത് എൻസിഎപി പ്രധാനമായും വിലയിരുത്തുക. ഇതിനു ശേഷമാണ് സുരക്ഷ റേറ്റിങ് നൽകുക.
സുരക്ഷാ റേറ്റിങ്:
മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്‌ക്ക്(അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ) 32ൽ 30.88 പോയിൻ്റും കുട്ടികളുടെ സുരക്ഷയ്‌ക്ക് (ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ) 49ൽ 45 പോയിൻ്റും ആണ് സ്‌കോഡ കൈലാഖിന് നേടാനായത്. ഈ പോയിന്‍റ് പരിഗണിച്ചാണ് റേറ്റിങ് നൽകിയിരിക്കുന്നത്. 5 സ്റ്റാർ റേറ്റിങ് നേടിയതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മികച്ച എസ്‌യുവി കാർ ഓപ്‌ഷനായിരിക്കും സ്‌കോഡ കൈലാഖ്.
സ്‌കോഡ കൈലാഖിലെ സുരക്ഷാ ഫീച്ചറുകൾ:
നിരവധി മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് സ്‌കോഡ ഈ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയത്. ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, അഞ്ച് പേർക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്,ബ്രേക്ക് ഡിസ്‌ക് വൈപ്പിങ്, ഇഎസ്‌സി, മൾട്ടി-കൊളീഷൻ ബ്രേക്കുകൾ എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഈ സബ്കോംപാക്റ്റ് എസ്‌യുവിക്ക് നൽകിയിട്ടുണ്ട്.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്‍റുകളിലാണ് സ്‌കോഡ കൈലാഖ് ലഭ്യമാവുക. ടൊർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ ഏഴ് കളർ ഓപ്‌ഷനുകളിൽ വാഹനം ലഭ്യമാവും. കാറിന് 3 വർഷത്തേക്ക് 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റിയും കമ്പനി നൽകുന്നുണ്ട്.
സ്കോഡ കൈലാഖിന്‍റെ വിവിധ മോഡലുകളുടെ വില:
സ്കോഡ കൈലാഖ് വേരിയന്‍റുകൾ | പെട്രോൾ എംടി | പെട്രോൾ എ.ടി |
ക്ലാസിക് | 7.89 ലക്ഷം രൂപ | , |
സിഗ്നേച്ചർ | 9.59 ലക്ഷം രൂപ | 10.59 ലക്ഷം രൂപ |
സിഗ്നേച്ചർ പ്ലസ് | 11.40 ലക്ഷം രൂപ | 12.40 ലക്ഷം രൂപ |
പ്രസ്റ്റീജ് | 13.35 ലക്ഷം രൂപ | 14.40 ലക്ഷം രൂപ |
*എക്‌സ്ഷോ-റൂം വില |