ഹൈദരാബാദ്:ചൈനയിലെ ലോഞ്ചിന് പിന്നാലെ റെഡ്‌മി നോട്ട് 14 സീരീസിലെ സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുന്നു. റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കുക. ഈ സീരീസിലെ എല്ലാ ഫോണുകളും ഡിസംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്‌റ്റംബറിലാണ് റെഡ്‌മി നോട്ട് 14 ചൈനയിൽ അവതരിപ്പിച്ചത്.
പുതിയ എഐ സവിശേഷതകളും ക്യാമറ ഫീച്ചറുകളും ഫോണിലുണ്ടാകുമെന്ന് ഷവോമി അറിയിച്ചിരുന്നു. മൂന്ന് മോഡലുകളുടെയും ഇന്ത്യൻ വേരിയന്‍റുകൾ ചൈനീസ് മോഡലുകളുമായി സാമ്യമുള്ളതാകാനാണ് സാധ്യത. റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് മോഡലിൽ ഇരുപതിലധികം എഐ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. സൂപ്പർ എഐ, സൂപ്പർ ക്യാമറ തുടങ്ങിയ ഫീച്ചറുകളോടെ വിപണിയിലെത്തുന്ന ഫോൺ പച്ച, വേഗൻ ലെതർ ഫിനിഷോടു കൂടിയ നീല, കറുപ്പ് എന്നീ കളർ ഓപ്‌ഷനുകളിൽ ലഭ്യമാകും.
റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് ഫീച്ചറുകൾ:
റെഡ്‌മി നോട്ട് 14 പ്രോ പ്ലസിന്‍റെ സവിശേഷതകൾ പറയുകയാണെങ്കിൽ, 6.67 ഇഞ്ച് വലിപ്പമുള്ള കർവ്‌ഡ് AMOLED സ്‌ക്രീൻ ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്. 120Hz OLED ഡിസ്‌പ്ലേയും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണവും ഫോണിന് നൽകിയിട്ടുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കാനാകുന്ന IP68 റേറ്റിങോടെയാണ് റെഡ്‌മി നോട്ട് 14 സീരീസ് എത്തുന്നത്. 8 എംപി അൾട്രാ, 50 എംപി, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ ഫീച്ചറുകൾ ഫോണുകളിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.