ഹൈദരാബാദ്:പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി ഒടുവിൽ തങ്ങളുടെ പുതിയ റിയൽമി ജിടി 7 പ്രോ സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ജിടി 2 പ്രോ മോഡൽ അവതരിപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് കമ്പനി പുതിയ ജിടി പ്രോ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻ മോഡലിനേക്കാൾ വലിയ അപ്‌ഗ്രേഡുകളോടെയാണ് ജിടി പ്രോ മോഡൽ എത്തിയത്.
6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ AMOLED ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm പ്രൊസസറിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് GT7 പ്രോ. മികച്ച നിലവാരമുള്ള ഡിസ്പ്ലേ, ക്യാമറ, ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിൽ ലഭിക്കും. HDR 10+, Dolby Vision എന്നിവ പിന്തുണയ്ക്കുന്ന ഡിസ്‌പ്ലേ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 6500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസും നൽകുന്നു. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി IP68, IP69 റേറ്റിങുള്ള സംരക്ഷണവും നൽകിയിട്ടുണ്ട്.
ഫോണിന്‍റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ, OIS ഉള്ള 50MP IMX906 പ്രൈമറി ക്യാമറയും 50MP IMX882 3x പെരിസ്കോപ്പ് ലെൻസും 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 16എംപി സോണി സെൻസറുള്ള സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
മികച്ച പെർഫോമൻസ് നൽകുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസറിനൊപ്പം എടുത്തുപറയേണ്ട മറ്റൊരു ഫീച്ചറാണ് ബാറ്ററിയുടേത്. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,800 mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണിനുള്ളത്. വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോണിൽ സുരക്ഷയ്‌ക്കായി അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താനായി ജിടി ബൂസ്റ്റ് മോഡും നൽകിയിട്ടുണ്ട്. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ എന്നീ കളർ ഓപ്‌ഷനുകളിലാണ് ജിടി 7 പ്രോ വരുന്നത്. ജിടി 7 പ്രോ 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 സ്റ്റോറേജുമായാണ് ജോടിയാക്കിയിരിക്കുന്നത്. 12GB റാമും 256GB ഇന്‍റേണൽ സ്റ്റോറേജും, 16GB റാമും 512GB ഇന്‍റേണൽ സ്റ്റോറേജും ഉള്ള രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിൽ ലഭ്യമാണ്.