ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റിയൽമി 14x ഇന്ത്യയിൽ അവതരിപ്പിച്ചു. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP69 റേറ്റിങാണ് ഫോണിന് നൽകിയിരിക്കുന്നത്. റിയൽമി 12x ന് പിൻഗാമി ആയാണ് 14x ഇന്ത്യയിൽ അവതരിപ്പിച്ചത്. 15,000 രൂപയിൽ താഴെയാണ് ഫോണിന്‍റെ പ്രാരംഭ വില.
നിലവിൽ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് നൽകിയിരിക്കുന്ന ഏറ്റവും മികച്ച റേറ്റിങാണ് IP69. അതിനാൽ തന്നെ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണമാണ് ഫോണിന് ലഭിക്കുന്നത്. പ്രീമിയം ഡിസൈൻ നൽകിയിരിക്കുന്ന ഫോൺ മൂന്ന് കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജൂവൽ റെഡ് എന്നീ കളറുകളിലാണ് ലഭ്യമാവുക. ഫോണിന്‍റെ പിൻവശത്ത് ഡയമണ്ട് ഡിസൈനാണ് നൽകിയിരിക്കുന്നത്.
6000mAh ബാറ്ററി കപ്പാസിറ്റിയുള്ള റിയൽമി 14x ഈ വിലയിൽ ലഭിക്കാവുന്ന മികച്ച ഫോണുകളിൽ ഒന്നു തന്നെയാണ്. 45W സൂപ്പർവൂക് ചാർജിനെ പിന്തുണയ്‌ക്കും. അതേസമയം വിവോ T3x, മോട്ടോ G64 ഉൾപ്പെടെയുള്ള നിരവധി ഫോണുകൾ 15,000 രൂപയിൽ താഴെ വിലയിൽ 6,000 mAh ബാറ്ററി കപ്പാസിറ്റിയുമായി ലഭ്യമാകും. ഫോണിന്‍റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം.
120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് റിയൽമി 14xൽ നൽകിയിരിക്കുന്നത്. 1604 X 720 പിക്‌സൽ റെസലൂഷൻ, 240Hz ഇൻസ്റ്റൻ്റ് ടച്ച് സാംപ്ലിങ് നിരക്ക്, 625 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയാണ് മറ്റ് ഡിസ്‌പ്ലേ ഫീച്ചറുകൾ. മീഡിയാടെക് ഡൈമെൻസിറ്റി 6300 SoC പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുക. 6GB റാമും 128GB ഇന്‍റേണൽ സ്റ്റോറേജും, 8GB റാമും 128GB ഇന്‍റേണൽ സ്റ്റോറേജുമായാണ് ഫോൺ ലഭ്യമാവുക. മൈക്രോ എസ്‌ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുമാകും. 10GB വരെ വെർച്വൽ റാം സപ്പോർട്ടും ലഭിക്കും.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റിയൽമി 14x പ്രവർത്തിക്കുന്നത്. ബാറ്ററി 4 വർഷത്തോളം നിലനിൽക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. 50MP പ്രൈമറി ക്യാമറയും 8MP സെൽഫി ക്യാമറയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 197 ഗ്രാം ആണ് ഫോണിന്‍റെ ഭാരം.
റിയൽമി 14xന്‍റെ മുൻഗാമിയായ 12x മോഡലുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ അപ്‌ഗ്രേഡേഷനുമായി ആണ് 14x ഇന്ത്യൻ വിപണിയിലെത്തിയത്. റിയൽമി 12xന് 6.72 ഇഞ്ച് ഡിസ്‌പ്ലേയും പുതിയ മോഡലിന് 6.67 ഇഞ്ച് ഡിസ്‌പ്ലേയുമാണ് നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6100+ SoC ചിപ്‌സെറ്റിന് പകരം പുതിയ ഫോണിൽ 6300 ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. പഴയതിനേക്കാൾ കൂടുതൽ ബാറ്ററി കപ്പാസിറ്റി പുതിയ മോഡലിൽ ലഭ്യമാകും. റിയൽമി 12xന് 5000mAh ബാറ്ററിയും റിയൽമി 14x ന് 6000mAh ബാറ്ററിയുമാണ് ഉള്ളത്.
പ്രധാന ഫീച്ചറുകൾ:
പുതിയ മോഡലിൽ സുരക്ഷാ ഫീച്ചറുകളും പരിഷ്‌കരിച്ചിട്ടുണ്ട്. റെയിൻവാട്ടർ സ്‌മാർട്ട് ടച്ച്, 200 ശതമാനം അൾട്രാ വോളിയം മോഡ്, ശാരീരികമായി സ്‌പർശിക്കാതെ തന്നെ ഫോൺ നിയന്ത്രിക്കാനുള്ള എയർ ജെസ്‌ച്ചർ, മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റന്‍റ്, വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കാൻ IP69 റേറ്റിങ് എന്നിവയാണ് ഫോണിലെ എടുത്തുപറയേണ്ട ഫീച്ചറുകൾ.
റിയൽമി 14x വില:
റിയൽമി 14x ന്‍റെ പ്രാരംഭവില 14,999 രൂപയാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്‌കാർട്ടിലും ഫോൺ ലഭ്യമാകും. ഫോണിന് പ്രാരംഭ ഓഫറായി 1000 രൂപ തൽക്ഷണ ബാങ്ക് കിഴിവ് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. റിയൽമി 14x ന്‍റെ 6GB + 128GB വേരിയന്‍റിന് 14,999 രൂപയും 8GB + 128GB വേരിയന്‍റിന് 15,999 രൂപയുമാണ് വില. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജൂവൽ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ സ്വന്തമാക്കാം.