ഹൈദരാബാദ്:റിയൽമി തങ്ങളുടെ 14 പ്രോ സീരീസ് ഫോണുകൾ ഇന്നലെയാണ് (ജനുവരി 16) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റിയൽമി 14 പ്രോ, റിയൽമി 14 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ കമ്പനി പുറത്തിറക്കിയത്. തണുപ്പിൽ ബാക്ക് പാനലുകൾക്ക് നിറം മാറുന്നതിനുള്ള സാങ്കേതികവിദ്യ ഉൾപ്പെടെ ഈ ഫോണുകളിലുണ്ട്. പുതിയ ഫോണുകൾ ഷവോമിയുടെ റെഡ്‌മി നോട്ട് 14 പ്രോ, പ്രോ പ്ലസ് മോഡലുകളോടായിരിക്കും വിപണിയിൽ മത്സരിക്കുക.
റിയൽമി 14 പ്രോ മോഡലും റെഡ്‌മി നോട്ട് 14 പ്രോ മോഡലും ഏകദേശം ഒരേ വിലയിൽ സമാനമായ ഫീച്ചറുകളുമായി വരുന്ന ഫോണുകളാണ്. അതിനാൽ തന്നെ ഈ രണ്ട് കമ്പനികളുടെ മോഡലുകളും താരതമ്യം ചെയ്യുക പ്രയാസകരമായിരിക്കും. രണ്ട് കമ്പനികളുടെ വിലയും, ക്യാമറ, ഡിസ്‌പ്ലേ, സ്റ്റോറേജ്, ബാറ്ററി, പ്രോസസർ ഉൾപ്പെടെയുള്ള ഫീച്ചറുകൾ തമ്മിൽ താരതമ്യം ചെയ്‌ത് ഏതാണ് മികച്ച ഫോണെന്ന് കണ്ടെത്താം.
റിയൽമി 14 പ്രോ vs റെഡ്‌മി നോട്ട് 14 പ്രോ: വില
ആദ്യം വിലയിൽ നിന്ന് തന്നെ തുടങ്ങാം. റിയൽമി 14 പ്രോയുടെയും റെഡ്‌മി നോട്ട് 14 പ്രോയുടെയും 8GB+128GB വേരിയന്‍റിന്‍റെ പ്രാരംഭവില 24,999 രൂപയും 8GB+256GB വേരിയന്‍റിന്‍റെ വില 26,999 രൂപയുമാണ്.
റിയൽമി 14 പ്രോ vs റെഡ്‌മി നോട്ട് 14 പ്രോ: സ്‌പെസിഫിക്കേഷനുകൾ
ഡിസ്‌പ്ലേ:120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ക്വാഡ്-കർവ് അമോലെഡ് ഡിസ്പ്ലേയാണ് റിയൽമി 14 പ്രോയിൽ നൽകിയിരിക്കുന്നത്. 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസാണ് റിയൽമി 14 പ്രോയ്‌ക്ക് ലഭിക്കുക. 120 ഹെട്‌സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് റെഡ്‌മി നോട്ട് 14 പ്രോയ്‌ക്ക് നൽകിയിരിക്കുന്നത്.
പ്രോസസർ:റിയൽമി 14 പ്രോയിൽ മീഡിയാടെക് ഡൈമെൻസിറ്റി 7300 എനർജി 5G ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. അതേസമയം റെഡ്‌മി നോട്ട് 14 പ്രോയിൽ മീഡിയാടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രോസസറാണ് നൽകിയിരിക്കുന്നത്.
ക്യാമറ:റിയൽമി 14 പ്രോയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. ഒഐഎസോടു കൂടിയ 50MP സോണി IMX882 പ്രൈമറി ക്യാമറ സെൻസറും മോണോക്രോം സെൻസറും ഉൾപ്പെടുന്നതാണ് റിയൽമി 14 പ്രോയുടെ ക്യാമറ. എന്നാൽ റെഡ്‌മി നോട്ട് 14 പ്രോയിൽ ലഭ്യമാവുക ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. 50MP പ്രൈമറി സെൻസർ, 8MP അൾട്രാവൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നതാണ് റെഡ്‌മി നോട്ട് 14 പ്രോയുടെ ക്യാമറ സംവിധാനം.
ബാറ്ററി:45W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,000mAh ബാറ്ററിയാണ് റിയൽമി 14 പ്രോയിൽ ലഭ്യമാവുക. അതേസമയം 45W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,500mAh ബാറ്ററിയാണ് റെഡ്‌മി നോട്ട് 14 പ്രോയിൽ നൽകിയത്.
സോഫ്റ്റ്‌വെയർ:ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ഒഎസിലാണ് റിയൽമി 14 പ്രോ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഹൈപ്പർഒഎസിലാണ് റെഡ്‌മി നോട്ട് 14 പ്രോ പ്രവർത്തിക്കുക.
ഐപി റേറ്റിങ്:വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനായി റിയൽമി 14 പ്രോ മോഡലിൽ IP66, IP68, IP69 എന്നീ റേറ്റിങുകൾ ലഭിക്കുന്നുണ്ട്. കൂടാതെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് സംരക്ഷണം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും നൽകിയിട്ടുണ്ട്. അതേസമയം റെഡ്‌മി നോട്ട് 14 പ്രോയിൽ IP68 റേറ്റിങാണ് ലഭ്യമാവുക. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റും ഫീച്ചർ ചെയ്യും.
കളർ ഓപ്‌ഷനുകൾ:ജയ്‌പൂർ പിങ്ക്, പേൾ വൈറ്റ്, സ്വീഡ് ഗ്രേ എന്നിങ്ങനെമൂന്ന് കളർ ഓപ്‌ഷനുകളിലാണ് റിയൽമിയുടെ 14 പ്രോ മോഡൽ ലഭ്യമാകുക. 16 ഡിഗ്രി സെൽഷ്യസിന് താഴെയുള്ള താപനിലയിലെത്തുമ്പോൾ പേൾ വൈറ്റ് നിറത്തിലുള്ള ഫോണിന്‍റെ ബാക്ക് പാനലിന്‍റെ നിറം നീലയായി മാറും. ലോകത്തെ ആദ്യ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ടെക്‌നോളജിയുള്ള ഫോണെന്ന പ്രത്യേകതയും റിയൽമി 14 പ്രോയ്‌ക്കുണ്ട്. അതേസമയം ഐവി ഗ്രീൻ, ഫാന്‍റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റെഡ്‌മി നോട്ട് 14 ലഭ്യമാവുക.
Also Read:
- തണുപ്പിൽ നിറം മാറുന്ന ഫോൺ, ഇരുട്ടിലും മികച്ച ഫോട്ടോ: അത്ഭുതങ്ങളുമായി റിയൽമി 14 പ്രോ സീരീസ്
- മികച്ച ബാറ്ററി കപ്പാസിറ്റി, ട്രിപ്പിൾ ക്യാമറ: കാത്തിരിപ്പിനൊടുവിൽ റെഡ്‌മി നോട്ട് 14 സീരീസ് ഇന്ത്യൻ വിപണിയിൽ
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ