ഹൈദരാബാദ്: ഓപ്പോ റെനോ 13 5ജി സീരീസ് സ്‌മാർട്ട്‌ഫോൺ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഇന്ന് ഞ്ജഞ(നുവരി 9) വൈകുന്നേരം 5 മണിക്ക് നടന്ന ഇവന്‍റിലാണ് അവതരിപ്പിച്ചത്. ഓപ്പോ റെനോ 13, 13 പ്രോ എന്നീ മോഡലുകളാണ് ഈ ശ്രേണിയിൽ പുറത്തിരിക്കുന്നത്. ചൈനയിൽ ലോഞ്ച് ചെയ്‌ത് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഫോൺ ആഗോള ലോഞ്ചിനെത്തിയത്.
2024 നവംബറിലാണ് ഓപ്പോ റെനോ 13 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്‌തത്. മീഡിയാടെക് ഡയമെൻസിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും ഈ സീരീസിലെ ഫോണുകൾ പ്രവർത്തിക്കുക. 50 എംപി ഫ്രണ്ട് ക്യാമറയാണ് മറ്റൊരു എടുത്തുപറയേണ്ട ഫീച്ചർ. ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായെത്തുന്ന ഓപ്പോ റെനോ 13 പ്രോ മോഡലിൽ സോണി IMX890 പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഫോട്ടോഗ്രഫിക്ക് പുതിയ ഫോൺ മികച്ചതായിരിക്കുമെന്നതിൽ സംശയമില്ല. പ്രോ മോഡലിൽ 80 വാട്ട് ഫാസ്റ്റ് ചാർജിങാണ് നൽകിയിരിക്കുന്നത്.
ഈ സീരീസ് സ്‌മാർട്ട്‌ഫോണുകൾ പ്രവർത്തിക്കുന്നത് ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും. ബേസിക് മോഡൽ 4nm മീഡിയാടെക് ഡയമെൻസിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും പ്രവർത്തിക്കുക. 5G, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, യുഎസ്‌ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സീരീസിലെ രണ്ട് ഫോണുകൾക്കും നൽകിയിട്ടുണ്ട്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന IP66,IP68,IP69 റേറ്റിങുകൾ സീരീസിലെ ഫോണുകൾക്ക് ലഭിക്കും. കൂടാതെ ഈ സീരീസിൽ ഓപ്പോ വികസിപ്പിച്ച X1 നെറ്റ്‌വർക്ക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇത് മെച്ചപ്പെട്ട സിഗ്നൽ കവറേജ് നൽകുമെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ഓപ്പോ റെനോ 13 5ജി സീരീസിലെ രണ്ട് ഫോണുകളുടെയും വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.
ഓപ്പോ റെനോ 13 സീരീസിന്‍റെ വില:
ഓപ്പോ റെനോ 13 സീരീസിലെ ഫോണുകളുടെ വില പരിശോധിക്കുമ്പോൾ, ഓപ്പോ റെനോ 13 മോഡലിന്‍റെ 8 ജിബി+128 ജിബി വേരിയന്‍റിന്‍റെ വില 37,999 രൂപയാണ്. 8 ജിബി+256 ജിബി വേരിയന്‍റിന്‍റെ വില 39,999 രൂപയാണ്. അതേസമയം ഓപ്പോ റെനോ 13 പ്രോ മോഡലിന്‍റെ 12 ജിബി+256 ജിബി വേരിയന്‍റിന്‍റെ വില 49,999 രൂപയാണ്. 12 ജിബി+512 ജിബി വേരിയന്‍റിന്‍റെ വില 54,999 രൂപയാണ്.
ഓപ്പോ റെനോ 13 സീരീസിലെ ഫോണുകൾ ഫ്ലിപ്‌കാർട്ട് വഴിയും ഓപ്പോയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയുമാകും വിൽപ്പനയ്‌ക്കെത്തുക. ജനുവരി 11ന് ഉച്ചയ്‌ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും.