ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നിവ ഇന്നലെ (നവംബർ 7) പുറത്തിറക്കിയിരിക്കുകയാണ്. 69,999 രൂപ പ്രാരംഭവിലയുള്ള വൺപ്ലസ് 13 ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായാണ് വരുന്നത്. 42,999 രൂപ പ്രാരംഭവിലയുള്ള വൺപ്ലസ് 13 ആർ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുക.
വൺപ്ലസിന്‍റെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വൺപ്ലസ് 13 വിപണിയിൽ മത്സരിക്കുക സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ തന്നെ പ്രവർത്തിക്കുന്ന iQOO 13 സ്‌മാർട്ട്‌ഫോണിനോടായിരിക്കും. 2024 ഡിസംബർ 3നാണ് iQOO 13 അവതരിപ്പിച്ചത്. രണ്ട് സ്‌മാർട്ട്‌ഫോണുകളുടെയും വില, സവിശേഷതകൾ, ഡിസൈൻ എന്നിവയെ താരതമ്യം ചെയ്യാം.
വൺപ്ലസ് 13 vs iQOO 13 വില:
മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് വൺപ്ലസ് 13 ലഭ്യമാവുക. വൺപ്ലസ് 13 മോഡലിന്‍റെ 12GB+256GB വേരിയന്‍റിന് 69,999 രൂപയും, 16GB+512GB വേരിയന്‍റിന് 76,999 രൂപയും, 24GB RAM + 1TB വേരിയന്‍റിന് 89,999 രൂപയുമാണ് വില. അതേസമയം iQOO 13 സ്‌മാർട്ട്‌ഫോൺ രണ്ട് സ്റ്റോറേജ് ഓപ്‌ഷനിലാണ് ലഭ്യമാവുക. iQOO 13ന്‍റെ 12GB + 256GB വേരിയന്‍റിന് 54,999 രൂപയും 16GB + 512GB വേരിയന്‍റിന് 59,999 രൂപയുമാണ്. വിലകൾ താരതമ്യം ചെയ്യുമ്പോൾ iQOO 13 മോഡലിനാണ് വില കുറവ്.
വൺപ്ലസ് 13 vs iQOO 13 ഡിസൈൻ:
വൺപ്ലസ് 13 പുതിയതും കൂടുതൽ സ്ലിമ്മുമായ ഡിസൈനിലാണ് വരുന്നത്. വൺപ്ലസ് 12ൽ കർവ്‌ഡ് ഡിസ്‌പ്ലേ ആയിരുന്നെങ്കിലും, വൺപ്ലസ് 13 മോഡലിൽ ഫ്ലാറ്റ് ഡിസ്‌പ്ലേയും ഫ്ലാറ്റ് വശങ്ങളുമാണ് നൽകിയത്. മൂന്ന് സെൻസറുകൾക്കൊപ്പം വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഫോണിന്‍റെ പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറ മൊഡ്യൂളിന് ചുറ്റും സിൽവർ കളർ ആക്‌സൻ്റും നൽകിയിട്ടുണ്ട്. മിഡ്‌നൈറ്റ് ഓഷ്യൻ, ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡോൺ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനിലാണ് വൺപ്ലസ് 13 പുറത്തിറക്കിയത്. മിഡ്‌നൈറ്റ് ഓഷ്യൻ കളറിലുള്ള ഫോണിന്‍റെ പിൻഭാഗത്ത് വീഗൻ ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡോൺ നിറത്തിലുള്ള ഫോണിന് പിൻവശത്ത് ഗ്ലാസ് ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇവ രണ്ടും വൺപ്ലസ് 13 ഫോണുകൾക്ക് പ്രീമിയം ടച്ച് നൽകുന്നു.
അതേസമയം iQOO 13 ഡിസൈനിൽ മുൻമോഡലുകളിൽ നിന്നും ചെറിയ മാറ്റവുമായാണ് വരുന്നത്. ഫോണിന്‍റെ പിൻവശത്ത് ക്യാമറ മൊഡ്യൂളിന് കസ്റ്റമൈസ് ചെയ്യാവുന്ന എനർജി ഹാലോ എൽഇഡിയും നൽകിയിട്ടുണ്ട്. ആറ് ഡൈനാമിക് ഇഫക്റ്റുകളിലും 12 കളർ കോമ്പിനേഷനുകളിലും ലഭിക്കുന്ന ഗ്ലാസ് ഡിസൈനാണ് പിൻവശത്ത് നൽകിയിരിക്കുന്നത്. ഇത് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു.