ഹൈദരാബാദ്: ഇന്ത്യയിലെ മുൻനിര ആഭ്യന്തര ഇലക്ട്രിക് വാഹന നിർമ്മാതാവായ ഒബെൻ ഇലക്‌ട്രിക്‌സ് തങ്ങളുടെ അടുത്ത ഇവി പുറത്തിറക്കാനൊരുങ്ങുന്നു. കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഒബെൻ റോർ EZ ന്‍റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ മോഡൽ നവംബർ 7 ന് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡെയ്‌ലി കമ്മ്യൂട്ടർ സെഗ്‌മെൻ്റിലാണ് ബൈക്ക് പുറത്തിറക്കാനൊരുങ്ങുന്നത്. മികച്ച പെർഫോമൻസ് റേഞ്ചുമായി കമ്പനി പുറത്തിറക്കിയ റോർ ഇവിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ ഇവി പുറത്തിറക്കാനൊരുങ്ങുകയാണ് ഒബെൻ ഇലക്‌ട്രോണിക്‌സ്.
റോർ EZ ഇലക്‌ട്രിക് ബൈക്കിന്‍റെ ഫീച്ചറുകളോ മറ്റ് വിശദാംശങ്ങളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവം നൽകാനായി മികച്ച പെർഫോമൻസ്, ഡിസൈൻ, ഫീച്ചറുകൾ എന്നിവയുമായി റോർ EZ എത്തുമെന്നാണ് കരുതുന്നത്. ഉയർന്ന പെർഫോമൻസ് കാഴ്‌ചവെയ്‌ക്കുന്ന എൽഎഫ്‌പി ബാറ്ററി സാങ്കേതികവിദ്യ റോർ EZ ഇലക്‌ട്രിക് ബൈക്കിലുണ്ടാകുമെന്നാണ് കരുതുന്നത്.
കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് എൽഫ്‌പി ബാറ്ററി സാങ്കേതികവിദ്യ. അതിനാൽ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ബൈക്കിന് മികച്ച പെർഫോമൻസ് നൽകാൻ ഈ ബാറ്ററികൾക്കാവും. ഒബെൻ ഇലക്‌ട്രിക്‌സിന്‍റെ ബാറ്ററികൾ, മോട്ടോറുകൾ, വാഹന കൺട്രോൾ യൂണിറ്റുകൾ, ഫാസ്റ്റ് ചാർജറുകൾ തുടങ്ങിയ നിർണായക ഘടകങ്ങളുടെ നിർമാണം കൃത്യതയോടെയും ഗുണനിലവാരത്തോടെയും ആയതിനാലാണ് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
Also Read: റൈഡിങ് ഇഷ്‌ട്ടപ്പെടുന്നവർക്കായി പുതിയ ട്രയംഫ് ടൈഗർ 1200 സീരീസ് പുറത്തിറക്കി: സവിശേഷതകൾ