ഹൈദരാബാദ്:അതിവേഗം വളരുന്ന ഇന്ത്യൻ സ്‌മാർട്‌ഫോൺ വിപണിയിൽ വീണ്ടും കാലുറപ്പിക്കാനൊരുങ്ങി ലാവ മൊബൈൽസ്. ഇപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്‌ഫോണായ അഗ്നി 3 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലാവ മൊബൈൽസ്. ടെലിഫോട്ടോ ലെൻസ്, 66W ഫാസ്റ്റ് ചാർജിങ്, 5000 mAh ബാറ്ററി, ഡ്യുവൽ ഫ്രണ്ട്-റിയർ AMOLED സ്‌ക്രീൻ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ലാവ അഗ്നി 3 5G പുറത്തിറക്കിയത്.
ലാവ അഗ്നി 3 5Gയുടെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത പിൻവശത്തെ ക്യാമറയോട് ചേർന്നുള്ള മിനി സ്‌ക്രീൻ തന്നെയാണ്. ഇന്ത്യയിൽ ആദ്യമായി ഒരേ ഫോണിൽ തന്നെ സെക്കൻഡറി AMOLED ഡിസ്‌പ്ലേ അവതരിപ്പിച്ചിരിക്കുന്നത് ലാവ അഗ്നി 3 5G സ്‌മാർട്‌ഫോണിലാണ്. കൂടാതെ ഐഫോണിലെ ആക്ഷൻ ബട്ടണിന് സമാനമായ ഫീച്ചറുകളും ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫോണിന്‍റെ കൂടുതൽ സവിശേഷതകൾ നോക്കാം.
പിൻവശത്ത് മിനി ഡിസ്‌പ്ലേ:
സാധാരണ ഫോണുകളിൽ നിന്നും വ്യത്യസ്‌തമായി ലാവ അഗ്നി 3 5Gയിൽ പിൻവശത്ത് ക്യാമറയോട് ചേർന്ന് മിനി ഡിസ്‌പ്ലേ അവതരിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഡിസ്‌പ്ലേയ്‌ക്ക് പുറമെ അവതരിപ്പിച്ച 4.41 സെന്‍റീമീറ്റർ വലിപ്പം വരുന്ന ഈ മിനി സ്‌ക്രീനിലൂടെ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. 336x480 റെസല്യൂഷൻ ഉള്ള മൾട്ടിഫങ്‌ഷണൽ 2D AMOLED സ്‌ക്രീൻ ആണ് സെക്കൻഡറി ഡിസ്‌പ്ലേയ്‌ക്ക് നൽകിയിരിക്കുന്നത്.
മിനി ഡിസ്‌പ്ലേയുടെ ഉപയോഗങ്ങൾ:
- സെൽഫിയെടുക്കാൻ
- കോൾ എടുക്കാൻ
- പെട്ടന്ന് റിപ്ലേ കൊടുക്കാൻ
- നോട്ടിഫിക്കേഷൻ കാണാൻ
- മ്യൂസിക് മാറ്റാനും കൺട്രോൾ ചെയ്യാനും
- റെക്കോർഡ് ചെയ്യാൻ
- മറ്റ് ഉപയോഗങ്ങൾ: അലാറം, ടൈമർ, ക്ലോക്ക്
ആക്ഷൻ ബട്ടൺ: ലാവ അഗ്നി 3 5G യുടെ മറ്റൊരു ഫീച്ചറാണ് ആക്ഷൻ ബട്ടൺ. ഐഫോണിലുള്ള ആക്ഷൻ ബട്ടൺ ബട്ടണിനു സമാനമായ ഫീച്ചറാണ് ഇത്. ഈ ബട്ടൺ ഉപയോഗിച്ച് നിരവധി ആപ്ലിക്കേഷനുകൾ തുറക്കാനും നിരവധി പ്രവർത്തനങ്ങൾ നടത്താനും നിങ്ങൾക്ക് കഴിയും.
ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസരണം ഉപയോഗിക്കാവുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്‌തതായിരിക്കും ആക്ഷൻ ബട്ടൺ. ഫോണിന്‍റെ ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, കലണ്ടർ, മറ്റ് ആപ്പുകൾ എന്നിവ തുറക്കാവുന്ന രീതിയിൽ ആക്ഷൻ ബട്ടൺ ക്രമീകരിക്കാനാവും. വീഡിയോ എടുക്കാനും റെക്കോർഡ് ചെയ്യാനും ആക്ഷൻ ബട്ടൺ വഴി സാധിക്കും.