എസ്‌യുവി സെഗ്‌മെന്‍റിൽ മിഡ്-ലൈഫ് അപ്‌ഡേറ്റുമായി ജീപ്പ്: മെറിഡിയന്‍റെ പുതുക്കിയ പതിപ്പുകൾ പുറത്തിറക്കി; വിലയും ഫീച്ചറുകളും - JEEP MERIDIAN 2025 SUV
പ്രമുഖ വാഹന നിർമാതാക്കളായ ജീപ്പിന്‍റെ പ്രീമിയം എസ്‌യുവി സെഗ്‌മെന്‍റിൽ മെറിഡിയന്‍റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി. ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. വില അറിയാം.
ഹൈദരാബാദ്: മെറിഡിയന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് അമേരിക്കൻ കാർ കമ്പനിയായ ജീപ്പ്. ജീപ്പ് മെറിഡിയൻ ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (ഒ), ഓവർലാൻഡ് എന്നീ മോഡലുകളുടെ പുതുക്കിയ പതിപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിലായി നാല് വേരിയൻ്റുകളും ലഭ്യമാകും. മൂന്നുവരി എസ്‌യുവി സെഗ്‌മെന്‍റിൽ മിഡ്-ലൈഫ് അപ്‌ഡേറ്റാണ് ഇപ്പോൾ ജീപ്പ് ഇന്ത്യ അവതരിപ്പിച്ചത്.
എക്സ്റ്റീരിയർ ഡിസൈൻ:
പുതിയ ജീപ്പ് മെറിഡിയൻ്റെ എക്സ്റ്റീരിയർ ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ, പഴയ മോഡലിൽ നിന്നും കമ്പനി വലിയ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. 24.99 ലക്ഷം രൂപയാണ് പുതുക്കിയ ജീപ്പ് മെറിഡിയന്‍റെ പ്രാരംഭവില (എക്‌സ് ഷോറൂം). 7-സ്ലാറ്റ് ഗ്രിൽ, ഡിആർഎൽ ഉള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, വേരിയൻ്റിന് അനുസരിച്ച് വ്യത്യസ്‌ത പാറ്റേണുകളിൽ 18 ഇഞ്ച് അലോയ് വീലുകൾ, സ്ലീക്ക് എൽഇഡി ടെയിൽലാമ്പുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
ഇതു കൂടാതെ മെറിഡിയന്‍റെ പുതുക്കിയ പതിപ്പിൽ ലെവൽ 2 ADAS സ്യൂട്ടും, കൂടുതൽ കണക്റ്റിവിറ്റി ഫീച്ചറുകളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ നൽകിയിട്ടുണ്ട്. വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, വയർലെസ് ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനലും കാറിൽ നൽകിയിട്ടുണ്ട്.
പുതുക്കിയ ജീപ്പ് മെറിഡിയൻ്റെ പവർട്രെയിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 9-സ്‌പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 2.0-ലിറ്റർ ഡീസൽ എഞ്ചിനാണ് പുതുക്കിയ മോഡലുകളിലും നൽകിയിരിക്കുന്നത്. 168 bhp കരുത്തും 350 Nm ടോർക്കും ഉത്‌പാദിപ്പിക്കുന്ന എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്.
ജീപ്പ് മെറിഡിയൻ 2025 (ഫോട്ടോ: ജീപ്പ് ഇന്ത്യ)
ഈ ഫീച്ചറുകൾക്ക് പുറമെ പനോരമിക് സൺറൂഫും, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും നൽകിയിട്ടുണ്ട്. പുതുക്കിയ എൻട്രി ലെവൽ ലോഞ്ചിറ്റ്യൂഡ് വേരിയൻ്റ് അഞ്ച് സീറ്റ് കോൺഫിഗറേഷനിൽ മാത്രമേ ഇപ്പോൾ ലഭ്യമാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റെല്ലാ വേരിയന്‍റുകളും ഏഴ് സീറ്റ് ലേഔട്ട് സ്റ്റാൻഡേർഡായി ലഭിക്കും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ് തുടങ്ങിയ ചില ഫീച്ചറുകൾ ബേസിക് മോഡലിൽ ഉണ്ടായിരിക്കില്ല.
പുതിയ ജീപ്പ് മെറിഡിയന്‍റെ പിൻവശം (ഫോട്ടോ: ജീപ്പ് ഇന്ത്യ)