കാലിഫോര്‍ണിയ: ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുമായി ആപ്പിള്‍. ഐഫോണ്‍ എസ്ഇ 4 അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 മെഗാപിക്‌സല്‍ ക്യാമറയും, ആപ്പിള്‍ ഇന്‍റലിജന്‍സും അപ്‌ഡേറ്റഡ് ബാറ്ററിയുമാണ് സവിശേഷത. ഫ്ലാഗ്‌ഷിപ്പ് ലെവല്‍ ഫീച്ചറുകളുള്ള ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഐഫോണ്‍ എസ്ഇ 4.
ഐഫോണ്‍ 16ലെ പ്രധാന സവിശേഷതകളായ ആക്ഷന്‍ ബട്ടണ്‍, ആപ്പിള്‍ ഇന്‍റലിജന്‍സ് എന്നിവ എസ്ഇ 4ലും പ്രതീക്ഷിക്കാവുന്നതാണ്. ഫേസ് - ഐഡി, ഐഫോണ്‍ 14 മോഡല്‍ ഡിസൈന്‍, 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, നേര്‍ത്ത ബെസല്‍സ്, 48 എംപി പിന്‍ക്യാമറ, 12 എംപി സെല്‍ഫി ക്യാമറ, 3,279 എംഎഎച്ച് ബാറ്ററി, എ18 ചിപ്പ്, 8 ജിബി റാം എന്നിവയും ഐഫോണ്‍ എസ്ഇ 4ലെ ഫീച്ചറുകളായി പറയപ്പെടുന്നു.
എസ്ഇ സിരീസില്‍ ഇതാദ്യമായാണ് ഫേസ് - ഐഡി ഉള്‍പ്പെടുത്തുന്നത്. ഇത്രയേറെ നൂതന സവിശേഷതകളോടെ 50,000 രൂപയില്‍ താഴെ വിലയില്‍ ഇന്ത്യയില്‍ എസ്ഇ 4 വാങ്ങാനായേക്കും. പിന്നെന്തിന് വലിയ വില നല്‍കി ഐഫോണ്‍ 16 മോഡലുകള്‍ വാങ്ങണം എന്നതാണ് ഉയരുന്ന ചോദ്യം.
ഐഫോണ്‍ 16
2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ സ്‌മാര്‍ട്ട്ഫോണ്‍ സിരീസാണ് ഐഫോണ്‍ 16. ഇതില്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന വേരിയന്‍റുകള്‍ക്ക് ഐഫോണ്‍ 16ന് 79,900 രൂപയും, ഐഫോണ്‍ 16 പ്ലസിന് 89,900 രൂപയും, ഐഫോണ്‍ 16 പ്രോയ്ക്ക് 1,19,900 രൂപയും, ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,44,900 രൂപയുമാണ് ഇന്ത്യയിലെ വില.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയിലുള്ളതാണ് ഐഫോണ്‍ 16. ഈ സിരീസിലെ മറ്റ് മോഡലുകളിലെ പോലെ എ18 ചിപ്പിലാണ് നിര്‍മാണം. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടണാണ് മറ്റൊരു പ്രധാന ആകര്‍ഷണമായി കമ്പനി എടുത്തുകാട്ടിയിരുന്നത്. ഈ ക്യാമറ ബട്ടണിന് ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ വിഷ്വല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളുമുണ്ട്.
48 എംപി ഫ്യൂഷന്‍ ക്യാമറ, 2x ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ - വൈഡ് ക്യാമറ, 12 എംപി ട്രൂഡെപ്‌ത് സെല്‍ഫി ക്യാമറ എന്നിവയും സവിശേഷതകളാണ്. ഐഫോണ്‍ 16ഉം ഐഫോണ്‍ എസ്ഇ 4ഉം തമ്മില്‍ പിന്നെന്ത് വ്യത്യാസം എന്ന സംശയം ഉയരുന്നത് ഇതിനാലാണ്.
Also Read:ഐഫോൺ 17 പണിപ്പുരയിൽ: ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു: അടുത്ത വർഷം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ