ഹൈദരാബാദ്:ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക് കാറായ വേവ് ഈവ അവതരിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ വേവ് മൊബിലിറ്റി. ബാറ്ററി തീർന്നാൽ സൗരോർജം ഉപയോഗിച്ചും ഓടിക്കാമെന്നതാണ് ഈ ഇലക്‌ട്രിക് കാറിന്‍റെ പ്രത്യേകത. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ഈ ഇത്തിരിക്കുഞ്ഞൻ സോളാർ ഇലക്‌ട്രിക് കാർ അവതരിപ്പിച്ചത്. 3.25 ലക്ഷം രൂപയാണ് ഈ കാറിന്‍റെ പ്രാരംഭ വില. കിലോ മീറ്ററിന് ചെലവ് വെറും 50 പൈസയാണെന്നതാണ് കാറിന്‍റെ പ്രത്യേകത. ചെറിയ വലിപ്പവും കുറഞ്ഞ ഭാരവുമാണ് മറ്റൊരു ഫീച്ചർ.
9 കിലോവാട്ട്, 12 കിലോവാട്ട്, 18 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിൽ ഈ കാർ ലഭ്യമാവും. 18 കിലോവാട്ടിന്‍റെ ബാറ്ററി പായ്‌ക്കിന് 5.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. നോവ, സ്റ്റെല്ല, വേഗ എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളായി വേവ് ഈവ ലഭ്യമാവും. ഒരു കിലോമീറ്ററിന് 2 രൂപ നിരക്കിൽ വേവ് ഈവയുടെ ബാറ്ററി പാക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം.അതിനാൽ തന്നെ ബാറ്ററിക്ക് വലിയ പ്രാരംഭ ചെലവ് വരുന്നില്ല. നോവ വേരിയന്‍റിന് 600 കിലോമീറ്ററും സ്റ്റെല്ലയ്ക്ക് 800 കിലോമീറ്ററും വേഗയ്ക്ക് 1200 കിലോമീറ്ററുമാണ് വാർഷിക മൈലേജ്.
3,000 കിലോമീറ്റർ വരെ സൗജന്യമായി സോളാർ റൂഫ് ഉപയോഗിച്ച് സോളാർ ചാർജിങ് ചെയ്യാനും കഴിയും. ഈ സോളാർ ഇലക്‌ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5,000 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്. 2026ന്‍റെ രണ്ടാം പകുതിയിൽ വേവ് ഈവയുടെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യത്തെ 25,000 ഉപഭോക്താക്കൾക്ക് എക്‌സ്റ്റൻഡഡ് ബാറ്ററി വാറൻ്റിയും 3 വർഷത്തെ കോംപ്ലിമെൻ്ററി വെഹിക്കിൾ കണക്‌റ്റിവിറ്റിയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.