ഹൈദരാബാദ്:ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടറായ ആക്‌ടിവ ഇയുമായി ഹോണ്ട. ഊരി മാറ്റാവുന്ന ബാറ്ററിയാണ് ഈ ഇലക്‌ട്രിക് പതിപ്പിന്‍റെ പ്രധാന സവിശേഷത. ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി മറ്റൊന്ന് ഘടിപ്പിക്കാൻ ആക്‌ടിവ ഇ മോഡലിൽ സാധിക്കും. ക്യുസി1 എന്ന മറ്റൊരു ഇലക്‌ട്രിക് സ്‌കൂട്ടർ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട.
ആക്‌ടിവ ഇ മോഡലിൽ ബാറ്ററി ഊരിമാറ്റാനാവുമെങ്കിലും ക്യുസി1 മോഡലിൽ ഫിക്‌സഡ് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. രണ്ട് സ്‌കൂട്ടറുകളുടെയും വിലയെ കുറിച്ച് കമ്പനി ഇതുവരെ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇരുമോഡലുകളുടെയും ബാറ്ററി, ഡിസൈൻ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. എന്നാൽ 2025 മുതൽ രാജ്യത്തെ ചില പ്രധാന നഗരങ്ങളിൽ വിൽപ്പന ആരംഭിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ജനുവരിയിൽ ബുക്കിങ് ആരംഭിക്കും.
Honda Activa E (Credit- Honda) ആക്‌ടിവ ഇയുടെ ഫീച്ചറുകൾ:
ആക്‌ടിവയുടെ ഇവി പതിപ്പിന് താത്‌ക്കാലികമായി നൽകിയ പേരാണ് ഹോണ്ട ആക്‌ടിവ ഇ. എന്നാൽ ഇലക്ട്രിക് പതിപ്പിൻ്റെ ഔദ്യോഗിക പേര് എന്തായിരിക്കുമെന്ന് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഊരിമാറ്റാവുന്ന രണ്ട് ബാറ്ററികളായിരിക്കും ആക്‌ടിവ ഇയിൽ നൽകുക. വളരെ വേഗത്തിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഇവയുടെ ബാറ്ററിയുടെ മറ്റൊരു പ്രത്യേകത. ഒറ്റ ചാർജിൽ 102 മുതൽ 104 കിലോമീറ്റർ വരെ ഓടാനാകും.
ആക്‌ടിവ ഇ സീരീസിൽ ഏതൊക്കെ മോഡലുകളാണ് അവതരിപ്പിക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാഹനത്തിന് സ്‌പോർട്‌സ് മോഡും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2 ട്രിം ലെവലിലാണ് ഹോണ്ട ആക്‌ടിവ ഇ വരുന്നത്. ഇതിന്‍റെ അടിസ്ഥാന വേരിയൻ്റിന് ടിഎഫ്‌ടി ഡിസ്‌പ്ലേയും ഉയർന്ന ട്രിമ്മുകൾക്ക് മൾട്ടി-കളർ സ്‌ക്രീനും ലഭിക്കും. ടേൺ-ബൈ-ടേൺ നാവിഗേഷൻ, മ്യൂസിക് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും ലഭ്യമാവും.
എൽഇഡി ലൈറ്റിങ് സജ്ജീകരണം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പിൻ ഡ്രം ബ്രേക്ക് എന്നിവയും ഫീച്ചർ ചെയ്‌തിട്ടുണ്ട്. അതിനാൽ തന്നെ ആക്‌ടിവ ഇ ലുക്കിൽ ഒട്ടും പിന്നിലായിരിക്കില്ല.
Honda QC1 Electric scooter (Credit- Honda) ഹോണ്ട ക്യുസി1 മോഡലിന്‍റെ ഫീച്ചറുകൾ:
ഹോണ്ട പുറത്തിറക്കാനൊരുങ്ങുന്ന മറ്റൊരു ഇലക്‌ട്രിക് സ്‌കൂട്ടറായ ക്യുസി1 മോഡലിനെ കുറിച്ച് പറയുകയാണെങ്കിൽ, ഫിക്‌സഡ് ബാറ്ററി പാക്കോടെയായിരിക്കും അവതരിപ്പിക്കുക. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ മോഡലിന് സാധിക്കും. 330 വാട്ടിന്‍റെ ഓഫ് ബോർഡ് ഹോം ചാർജർ ഉപയോഗിച്ച് വീട്ടിൽ വച്ച് തന്നെ ചാർജ് ചെയ്യാനും സാധിക്കും. സുരക്ഷ ഉറപ്പുവരുത്താനായി ചാർജറിൽ ഓട്ടോ-കട്ട് സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്.
സ്‌കൂട്ടർ 80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റും, പൂർണ്ണമായി ചാർജ് ചെയ്യാൻ 7 മണിക്കൂറും സമയമെടുക്കും. മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയിൽ സ്‌കൂട്ടർ ഓടിക്കാം. സ്റ്റാൻഡേർഡ്, എക്കോണമി ഡ്രൈവിങ് മോഡുകൾ ഇതിൽ ലഭ്യമാവും. 5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ്-സി, 26 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് ബോക്‌സ് എന്നിവ ക്യുസി1 ൽ ഫീച്ചർ ചെയ്യുന്നുണ്ട്.
വിൻഡ്‌ഷീൽഡ് (ടേൺ ഇൻഡിക്കേറ്റർ), എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. പേൾ സെറിനിറ്റി ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഷാലോ ബ്ലൂ എന്നിങ്ങനെ 5 കളർ ഓപ്‌ഷനുകളിൽ ലഭ്യമാവും.
എവിടെ നിന്ന് വാങ്ങാം?
Honda Activa e and QC1 unveiled (Credit- Honda) ബെംഗളൂരുവിലെ നർസാപൂർ പ്ലാൻ്റിലാണ് ഇരുമോഡലുകളും നിർമ്മിക്കുന്നത്. പുതിയ സ്‌കൂട്ടറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹോണ്ട ഡീലർ നെറ്റ്‌വർക്കിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും. 2025 ഫെബ്രുവരി മുതൽ ആക്‌ടിവ ഇ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലഭ്യമാകും. 2025 ഫെബ്രുവരി മുതൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ QC1 ൻ്റെ വിൽപ്പനയും വിതരണവും ആരംഭിക്കും. രണ്ട് സ്‌കൂട്ടറുകൾക്കും 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറൻ്റിയും ആദ്യ വർഷത്തേക്ക് മൂന്ന് സൗജന്യ സേവനങ്ങളും ലഭിക്കും.
Also Read:
- പൾസറിനെ വെല്ലുന്ന ഫീച്ചറുകൾ: ആരും കണ്ടാൽ മോഹിക്കും, സ്റ്റൈലിഷ് ലുക്കിൽ പുതിയ അപ്പാച്ചെയുമായി ടിവിഎസ്
- ഇത് ഥാർ റോക്‌സ് ഇഫക്‌റ്റ് !! കച്ചവടം പൊടിപൊടിക്കുന്നു; രണ്ട് ലക്ഷം പിന്നിട്ട് ഥാർ വിൽപ്പന
- മാരുതിയോടും ടാറ്റ മോട്ടോർസിനോടും മത്സരിക്കാൻ സ്കോഡ: സിഎൻജി കാർ പുറത്തിറക്കുമെന്ന് കമ്പനി