ഹൈദരാബാദ്:ഇന്ത്യൻ റെയിൽവേ മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ട്രെയിൻ ഓടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രയൽ റൺ നടത്തുന്നതോടെ ചൈന, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
നിലവിലുള്ള ഡിഇഎംയു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഘടിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനിന്‍റെ ട്രയൽറൺ ഡിസംബറിൽ നോർത്തേൺ റെയിൽവേ സോണിന് കീഴിൽ വരുന്ന ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനിൽ നടത്തും.
പരീക്ഷണം വിജകരമായി പൂർത്തിയാക്കിയാൽ ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് പ്രോഗ്രാമിന് കീഴിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി അനുവദിക്കും. കാർബൺ ബഹിർഗമനം ലക്ഷ്യമിട്ടാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ കൊണ്ടുവരുന്നത്. നിലവിൽ ചെന്നെയിലെ പെരമ്പൂരിലെ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ ഹൈഡ്രജൻ ട്രെയിനിന്‍റെ മോഡൽ കോച്ചുകളുടെ നിർമ്മാണം നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഹൈഡ്രജൻ ഇന്ധനത്തിന്‍റെ പ്രയോജനം എന്ത്?
ഹൈഡ്രജൻ ഒരു ശുദ്ധമായ ഇന്ധനമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ മറ്റ് ഇന്ധനങ്ങൾ പുക പുറന്തള്ളുന്നു. എന്നാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോൾ വെള്ളം മാത്രമാണ് പുറത്തുവിടുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം, ബയോമാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും. ഗാർഹിക വിഭവങ്ങളിൽ നിന്നും പുനരുപയോഗിക്കാവുന്ന ഊർജത്തിൽ നിന്നും വരെ ഹൈഡ്രജൻ ഉത്പാദിപ്പിക്കാമെന്നതിനാൽ, ഇന്ധനത്തിന്‍റെ ലഭ്യതയിൽ ക്ഷാമമുണ്ടാകില്ല.