ഹൈദരാബാദ്:ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ഓൾ-ഇലക്ട്രിക് എസ്‌യുവി ആയ ബിഎംഡബ്ല്യു ഐഎക്‌സിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനൊരുങ്ങുന്നു. മിഡ്-ലൈഫ്-സൈക്കിൾ അപ്‌ഡേറ്റുമായാണ് പുതിയ ഫേസ്‌ലിഫ്‌റ്റ് എത്തുക. എഞ്ചിനിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളുമായാണ് ബിഎംഡബ്ല്യു ഐഎക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. എല്ലാ വേരിയന്‍റുകളിലും കൂടുതൽ ശക്തവും കാര്യക്ഷമവുമായ ഇലക്ട്രിക് മോട്ടോറാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വരാനിരിക്കുന്ന എസ്‌യുവിക്ക് മികച്ച റേഞ്ചും പ്രതീക്ഷിക്കാം.
എക്‌സ്റ്റീരിയർ ഡിസൈൻ:ബിഎംഡബ്ല്യു ഐഎക്‌സ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ഡിസൈനിലേക്ക് പോകുമ്പോൾ പുതിയ ഫ്രണ്ട് ഫാസിയ നൽകിയതായി കാണാം. മുൻപത്തേക്കാൾ അധികം മസ്‌കുലാർ ലുക്കിലാണ് പുതിയ ബിഎംഡബ്ല്യു ഐഎക്‌സ് അവതരിപ്പിക്കുക. ഹെഡ്‌ലാമ്പുകൾ മാറ്റിയെന്ന് മാത്രമല്ല, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ഇപ്പോൾ യൂണിറ്റിൽ ലംബമായി നൽകിയിട്ടുമുണ്ട്. മുൻ മോഡലിൽ ഐ-ബ്രോ ലേയൗട്ടിലാണ് ഡേടൈം റണ്ണിങ് ലാമ്പുകൾ സജ്ജീകരിച്ചിരുന്നത്.
പുതിയ ബിഎംഡബ്ല്യു ഐഎക്‌സിന്‍റെ അധികം വലിപ്പമുള്ള ക്ലോസ്‌ഡ്-ഓഫ് ഗ്രില്ലിന് വ്യത്യസ്‌ത ഗ്രാഫിക്‌സും ലഭിക്കും. അതേസമയം മുഴുവൻ ഫ്രണ്ട് ബമ്പറും കൂടുതൽ ആംഗുലർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്‍റെ സൈഡ് പ്രൊഫൈൽ പരിശോധിക്കുമ്പോൾ പുതിയ അലോയ് വീലുകൾ ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ല.
ഇന്‍റീരിയർ ഡിസൈൻ: ഇന്‍റീരിയർ ഡിസൈനിലേക്ക് പോകുമ്പോൾ കാറിന്‍റെ ക്യാബിനിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ല. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഐഡ്രൈവ് 8.5 സോഫ്റ്റ്‌വെയർ എന്നിവയാണ് കാറിന്‍റെ ഇന്‍റീരിയറിലെ പ്രധാന മാറ്റങ്ങൾ. മുൻ സീറ്റുകളിൽ വലിയ ഇന്‍റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ നൽകിയിട്ടുണ്ട്. കൂടാതെ ചില വേരിയന്‍റുകളിൽ എം സ്‌പോർട്‌സ് പാക്കേജുള്ള എം മൾട്ടിഫങ്‌ഷൻ സീറ്റുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.
മറ്റ് ഫീച്ചറുകൾ: കാറിന്‍റെ മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനുമായി ഹീറ്റഡ് സീറ്റുകൾ, ഡ്രൈവിങ് അസിസ്റ്റന്‍റ് പ്ലസ്, ഹാർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ പനോരമിക് ഗ്ലാസ് റൂഫ്, വാതിലിൽ സോഫ്റ്റ്-ക്ലോസ് ഫങ്‌ഷൻ, ആക്റ്റീവ് സീറ്റ് വെന്‍റിലേഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാനുമാകും.