ഹൈദരാബാദ്:പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾ തങ്ങളുടെ 2025 ട്രയംഫ് ടൈഗർ 1200 സീരീസ് ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ജിടി പ്രോ, ജിടി പ്രോ എക്സ്പ്ലോറർ, റാലി പ്രോ, റാലി പ്രോ എക്സ്പ്ലോറർ എന്നീ നാല് വേരിയന്‍റുകളാണ് കമ്പനി പുറത്തിറക്കിയത്. പുതിയ ബൈക്കിന്‍റെ പ്രാരംഭ വില (എക്‌സ്-ഷോറൂം വില) 19.39 ലക്ഷം രൂപയാണ്.
ടൈഗർ 1200 ന്‍റെ ജിടി പ്രോ വേരിയന്‍റ് 19-18 ഇഞ്ച് അലോയ് വീൽ കോമ്പിനേഷനോട് കൂടി റോഡി ബേസ്‌ഡ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം റാലി പ്രോ എഡിഷൻ കൂടുതലായി ഓഫ്-റോഡ് ആണ് ഫോക്കസ് ചെയ്യുന്നത്. ഇതിന് 21-18 ഇഞ്ച് ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകളാണ് നൽകിയിരിക്കുന്നത്. ജിടി പ്രോ എക്സ്പ്ലോറർ, റാലി പ്രോ എക്സ്പ്ലോറർ ട്രിമ്മുകൾക്ക് 30 ലിറ്റർ ഇന്ധന ടാങ്കും പ്രോ വേരിയൻ്റിന് 20 ലിറ്റർ ടാങ്കും നൽകിയിട്ടുണ്ട്.
2025 ട്രയംഫ് ടൈഗർ 1200 (Photo: Triumph Motorcycle India) ട്രയംഫ് ടൈഗർ 1200 സീരീസിന് കരുത്തേകുന്നത് 1,160 സിസി, ടി-പ്ലേസ് ക്രാങ്കുള്ള ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിനാണ്. ഇത് മികച്ച ലോ-എൻഡ് ട്രാക്റ്റബിലിറ്റി നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മോഡലിൽ ക്രാങ്ക്‌ഷാഫ്‌റ്റ്, ആൾട്ടർനേറ്റർ റോട്ടർ, ബാലൻസർ എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 9,000 ആർപിഎമ്മിൽ 150 ബിഎച്ച്പി പവറും 7,000 ആർപിഎമ്മിൽ 130 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ എഞ്ചിന് കഴിയും. കൂടാതെ ഗിയർ ഷിഫ്റ്റുകൾ സുഗമമാക്കുന്നതിനായി ക്ലച്ചും ട്വീക്ക് ചെയ്‌തിട്ടുണ്ട്.
2025 ട്രയംഫ് ടൈഗർ 1200 (Photo: Triumph Motorcycle India) റൈഡിങ് ഇഷ്‌ട്ടപ്പെടുന്നവർക്കായി ആവശ്യമായ മാറ്റങ്ങളോടെയാണ് കമ്പനി ട്രയംഫ് ടൈഗർ 1200 സീരീസ് പുറത്തിറക്കിയിരിക്കുന്നത്. മുമ്പത്തേക്കാൾ പരന്ന സീറ്റ് പ്രൊഫൈൽ ആണ് പുതിയ പതിപ്പിൽ നൽകിയിരിക്കുന്നത്. സീറ്റിൽ കൂടുതൽ സ്‌പേസ് ലഭിക്കും. എക്സ്പ്ലോറർ ട്രിമ്മുകളിൽ നിന്നുള്ള വെറ്റ് ഹാൻഡിൽബാറും റീസറുകളും പ്രോ മോഡലിലും നൽകിയിട്ടുണ്ട്. ക്ലച്ച് ലിവറിന്‍റെ നീളം വർധിപ്പിച്ചിട്ടുണ്ട്. റൈഡർമാർക്ക് ആക്‌സസറി ലോ സീറ്റും തെരഞ്ഞെടുക്കാനാകും.
2025 ട്രയംഫ് ടൈഗർ 1200 (Photo: Triumph Motorcycle India) ഫുട്‌പെഗ് പൊസിഷൻ മാറ്റി ജിടി പ്രോ, ജിടി എക്സ്പ്ലോറർ വേരിയൻ്റുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചിട്ടുണ്ട്. ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചറും നൽകിയിട്ടുണ്ട്. ഇത് റൈഡർ വാഹനം നിർത്തുമ്പോൾ പിൻവശത്തെ സസ്‌പെൻഷൻ പ്രീലോഡ് 20 എംഎം ആയി കുറയ്ക്കാൻ സഹായിക്കും.
2025 ട്രയംഫ് ടൈഗർ 1200 (Photo: Triumph Motorcycle India) ആധുനിക ഇലക്ട്രോണിക് എയ്‌ഡുകളോടെയാണ് ടൈഗർ 1200 പുറത്തിറക്കിയത്. സസ്‌പെൻഷനിൽ ഷോവ സെമി-ആക്‌റ്റീവ് സെറ്റപ്പ് നൽകിയിട്ടുണ്ട്. അതേസമയം ബ്രേക്കിങ് ഹാർഡ്‌വെയറിൽ ബ്രെംബോ സ്റ്റൈൽമ മോണോബ്ലോക്ക് കാലിപ്പറുകൾ ഉൾപ്പെടുന്നു. ഐഎംയു ഉള്ള കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ ആണ് മറ്റൊരു പ്രത്യേകത. ആറ് റൈഡിങ് മോഡുകളുള്ള 7 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ, കീലെസ് ഇഗ്നിഷൻ സിസ്റ്റം, ഷിഫ്റ്റ് അസിസ്റ്റ്, അഡാപ്റ്റീവ് കോർണറിങ് ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഫീച്ചർ ചെയ്യുന്നുണ്ട്.
Also Read: വണ്ടിഭ്രാന്തന്മാർക്കായി എൻഫീൽഡിന്‍റെ ബിയർ: 650 സിസി സ്‌ക്രാംബ്ലർ ബൈക്കുമായി എൻഫീൽഡ്