ഹൈദരാബാദ്: ടാറ്റ മോട്ടോർസിന്‍റെ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്‍റിലെ ജനപ്രിയ മോഡലാണ് ടാറ്റ നെക്‌സോൺ. കമ്പനി വാഹനത്തിന്‍റെ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പനോരമിക് സൺറൂഫ് ഫീച്ചറുമായെത്തുന്ന പുതിയ മോഡലിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഏറെക്കുറെ പഴയ മോഡലിന് സമാനമാണ്. എന്നാൽ ചില ഫീച്ചറുകളും പുതിയ കളർ ഓപ്‌ഷനുകളും പുതുക്കിയ മോഡലിൽ ചേർത്തിട്ടുണ്ട്. കൂടാതെ കാറിന് മൂന്ന് വേരിയന്‍റുകൾ കൂടെ ചേർത്തിട്ടുണ്ട്.
വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന വോയ്‌സ് അസിസ്റ്റ് പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ലെതർ സീറ്റുകൾ, 10.24 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഹാർമാൻ ഇൻഫോടെയ്ൻമെൻ്റ്, 360 ഡിഗ്രി ക്യാമറ, 7 സ്‌പീഡ് ഡിസിഎ ട്രാൻസ്‌മിഷൻ, 9 ജെബിഎൽ സ്‌പീക്കറുകൾ എന്നിവയാണ് പുതുക്കിയ മോഡലിൽ ലഭിക്കുന്ന പുതിയ ഫീച്ചറുകൾ. കൂടാതെ ഗ്രാസ്‌ലാൻഡ് ബീജ് എന്ന പുതിയ നിറവും പുതുക്കിയ മോഡലിൽ നൽകിയിട്ടുണ്ട്.
പുതുക്കിയ മോഡലിന്‍റെ വില:
പ്യുവർ പ്ലസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് എന്നിവയാണ് പുതിയ നെക്‌സോണിൽ ലഭ്യമാവുന്ന മൂന്ന് പുതിയ വേരിയന്‍റുകൾ. പുതിയ പ്യുവർ പ്ലസ് വേരിയന്‍റിന്‍റെ എക്‌സ്ഷോറൂം വില 9.69 ലക്ഷം രൂപയാണ്. അതേസമയം ക്രിയേറ്റീവ് വേരിയന്‍റിന്‍റെ വില 10.99 ലക്ഷം രൂപയും ക്രിയേറ്റീവ് പ്ലസ് വേരിയന്‍റിന്‍റെ വില 12.29 ലക്ഷം രൂപയുമാണ്. അതേ സമയം പുതിയ ടാറ്റ നെക്‌സോണിൻ്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയാണ്. മുൻ മോഡലുകളുടെ പ്രാരംഭവിലയും ഇതേ തുക തന്നെയാണ്.