കേരളം

kerala

ISL: എടികെയെ വീഴ്‌ത്തി ജംഷഡ്‌പൂരിന്‍റെ മുന്നേറ്റം; പോയിന്‍റ് പട്ടികയില്‍ രണ്ടാമത്

By

Published : Dec 7, 2021, 6:55 AM IST

നാല് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്‍റോടെയാണ് ജംഷഡ്‌പൂര്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ISL Highlights  ISL  Jamshedpur FC vs ATK Mohun Bagan  ഐഎസ്എല്‍  എടികെ മോഹന്‍ ബഗാന്‍- ജംഷഡ്‌പൂര്‍ എഫ്‌സി
ISL: എടികെയെ വീഴ്‌ത്തി ജംഷഡ്‌പൂരിന്‍റെ മുന്നേറ്റം; പോയിന്‍റ് പട്ടികയില്‍ രണ്ടാമത്

ഫത്തോഡ:ഐഎസ്എല്ലില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ വീഴ്‌ത്തി ജംഷഡ്‌പൂര്‍ എഫ്‌സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ മുന്‍ ചാമ്പ്യന്മാരായ എടികെയെ തോല്‍പ്പിച്ചത്.

കളിയുടെ ആദ്യ പകുതിയില്‍ സെയ്‌മിന്‍ ലെന്‍ ദംഗലിലൂടെ മുന്നിലെത്തിയ ജംഷഡ്‌പൂര്‍ രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ അലക്‌സ് ലിമയിലൂടെ ലീഡുയര്‍ത്തി. അതേസമയം അവസാന മിനിട്ടില്‍ പ്രീതം കോട്ടാലാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചിരുന്നു. മികച്ച പാസുകളുമായി ജംഷഡ്‌പൂരിനേക്കാള്‍ മുന്നില്‍ നിന്നത് എടികെയാണ്. 37ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്‍റെ മധ്യഭാഗത്ത് നിന്നും പന്തുമായി മുന്നേറിയ ജിതേന്ദ്ര സിങ്ങിന്‍റെ നീളന്‍ പാസ് ദംഗല്‍ വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ എടികെ ആക്രമണം കടുപ്പിച്ചെങ്കിലും ജംഷഡ്‌പൂരിന്‍റെ പ്രതിരോധം കുലുങ്ങിയില്ല. തുടര്‍ന്ന് 83ാം മിനിട്ടിലാണ് മത്സരത്തിലെയും ജംഷഡ്‌പൂരിന്‍റേയും പട്ടികയിലെ രണ്ടാം ഗോള്‍ പിറന്നത്. സ്റ്റ്യുവര്‍ട്ടിന് പകരക്കാരനായെത്തിയ ലിമ ആദ്യ ടച്ചില്‍ തന്നെ ലക്ഷ്യം കാണുകയായിരുന്നു.

also read: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അപ്പുവിന്‍റെ ലോംഗ് പാസ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ മുഖത്ത് ; റിസര്‍വ് ടീമില്‍ ഇടം

ബോക്‌സിനകത്തേക്ക് ബോറിസ് സിങ് നല്‍കിയ പാസിലാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. 89ാം മിനിട്ടിലാണ് എടികെയുടെ ആശ്വാസ ഗോള്‍ പിറന്നത്. ജംഷഡ്‌പൂര്‍ ഗോളി ടിപി രഹനേഷ് തട്ടിയകറ്റിയ പന്ത് എടികെ താരം അശുതോഷ് മെഹതയുടെ കാലില്‍ തട്ടി വലയിലേക്ക് തന്നെ തിരിച്ചെത്തി. ഗോള്‍ ലൈനിനടുത്തുനിന്ന പ്രീതം കോട്ടാലിന്‍റെ കാലിലുരസിയ പന്ത് വലയില്‍ കയറുകയായിരുന്നു.

ഇതോടെ നാല് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ജംഷഡ്‌പൂരിനായി. എട്ട് പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ എടികെ അഞ്ചാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി ആറ് പോയിന്‍റാണ് എടികെയ്‌ക്കുള്ളത്.

ABOUT THE AUTHOR

...view details