തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായാണ് പരിശോധന. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മെയ് മുതൽ ജൂലൈ വരെ നീണ്ടു നിൽക്കുന്ന ഓപറേഷൻ ലൈഫ് നടത്തുന്നത്.
പരിശോധനയിൽ ഭക്ഷ്യ സുരക്ഷ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 315 സ്ഥാപനങ്ങൾക്ക് റെക്‌ടിഫിക്കേഷൻ നോട്ടിസുകളും 262 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടിസുകളും നൽകി. 22 ഇംപ്രൂവ്മെന്‍റ് നോട്ടിസുകളും രണ്ട് ദിവസത്തെ പരിശോധനയ്‌ക്കിടെ നൽകി. ഏഴ് സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികളും ആരംഭിച്ചു.
ഭക്ഷണ നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തും. കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. വരും ആഴ്‌ചകളിലും പരിശോധനകൾ തുടരുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.