ജോര്‍ജിയ: കോപ്പ അമേരിക്ക ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി. ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്‌ക്കെതിരെ ഇറങ്ങിയതോടെയാണ് മെസി റെക്കോഡിട്ടത്. കോപ്പയില്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരത്തിന്‍റെ 35-ാം മത്സരമാണിത്.
2007-ൽ വെനസ്വേലയിൽ നടന്ന പതിപ്പിലൂടെ കോപ്പയില്‍ അരങ്ങേറ്റം നടത്തിയ താരത്തിന്‍റെ പ്രകടനം ഏഴ് എഡിഷനുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. 2021-ൽ ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ കളിച്ചതോടെ ടൂര്‍ണമെന്‍റില്‍ ആകെ മത്സരങ്ങളില്‍ ചിലിയൻ ഗോൾകീപ്പർ സെർജിയോ ലിവിംഗ്സ്റ്റണൊപ്പമെത്താന്‍ (34 മത്സരങ്ങള്‍) മെസിയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇന്ന് കാനഡയ്‌ക്ക് എതിരെ മെസി ഇറങ്ങിയതോടെ സെർജിയോ ലിവിംഗ്സ്റ്റണ്‍ പിന്നിലായി. അതേസമയം മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കാനഡയെ തോല്‍പ്പിച്ച അര്‍ജന്‍റീന വിജയത്തുടക്കം നേടി. ജൂലിയന്‍ ആല്‍വാരസും ലൗതാരോ മാര്‍ട്ടിനെസുമാണ് ഗോളുകള്‍ നേടിയത്. മെസിയടക്കം സുവര്‍ണാവസരങ്ങള്‍ പാഴാക്കി. ടീമിന്‍റെ രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കിയതോടെ തുടര്‍ച്ചയായി ഏഴ് കോപ്പയില്‍ അസിസ്റ്റ് നല്‍കുന്ന ആദ്യ താരമായി മെസി മാറി.