എല്ലുകളെ നശിപ്പിക്കുന്ന രോഗമായ ഓസ്റ്റിയോപൊറോസിസ് നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മോഡൽ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചു. അമേരിക്കയിലെ ടുലെയ്ൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ആധുനിക മോഡല്‍ വികസിപ്പിച്ചത്. ഇതുവഴി രോഗത്തിനെ പ്രതിരോധിക്കാന്‍ സമയബന്ധിതമായി വേണ്ട നടപടികളെടുക്കാന്‍ കഴിയും.
പ്രായം, ഭാരം, ഉയർന്ന രക്തസമ്മർദം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. ഇത്തരത്തിലുളള പത്ത് പ്രധാന ഘടകങ്ങള്‍ ഗവേഷകർ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 40 വയസിന് മുകളിലുള്ള എണ്ണായിരം ആളുകളുടെ വിവരം ഉപയോഗിച്ച് ശാസ്ത്രജ്ഞർ ഒരു അൽഗോരിതം സൃഷ്‌ടിച്ചു.
തലച്ചോറിനെ അനുകരിക്കുന്ന ഈ എഐ മോഡലിന് വലിയ ഡാറ്റാകള്‍ പരിശോധിക്കാനും അവയിലെ വ്യത്യസ്‌തമായ പ്രവണതകൾ തിരിച്ചറിയാനും കഴിയും. ഇനിയും കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും ഇതുവഴി രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയും.