കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ ദർശനരീതികളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ശബരിമലയിലേത്. കാനനവാസിയായ അയ്യപ്പനെ കാണാനുള്ള യാത്രയ്ക്ക് മുന്‍പ് ഭക്‌തർ ശരീരവും മനസും അതിനായി പാകപ്പെടുത്തേണ്ടതുണ്ട്. അതിനായി അവർ സവിശേഷമായ വ്രതാനുഷ്‌ഠാനങ്ങൾ അനുഷ്‌ഠിക്കുന്നു. 41 ദിവസത്തെ കഠിനമായ വ്രതാനുഷ്‌ഠാനങ്ങളോടെ വേണം ശബരിമല ദര്‍ശനത്തിനെത്താന്‍.
ശബരിമലയ്‌ക്ക് മാലയിട്ടാൽ ഓരോ ഭക്‌തനും അയ്യപ്പന്‍റെ പ്രതിപുരുഷനാണ്. അതിനാൽ ഓരോ അയ്യപ്പന്‍റെയും മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്‌ഠകളെക്കുറിച്ച് യോഗശാസ്‌ത്രം വ്യക്തമായി പറയുന്നുണ്ട്. വ്രതനിഷ്‌ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. ബ്രഹ്മചാരിയായ അയ്യനെ ദര്‍ശിക്കാന്‍ ബ്രഹ്മചര്യം നിര്‍ബന്ധം. സ്‌ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളിലും ബ്രഹ്മചര്യം അനുഷ്‌ഠിക്കണം എന്ന് ശാസ്‌ത്രം പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്‌പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്‌ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്‌ത്രം പറയുന്ന ബ്രഹ്മചര്യനിഷ്‌ഠ കര്‍ശനമായി പാലിക്കണം. സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.
ശബരിമല അയ്യപ്പ ദര്‍ശനത്തിനായുള്ള വ്രതാനുഷ്‌ഠാനങ്ങള്‍ ഇങ്ങനെ;
- മാലയിട്ടാല്‍ അത് ഊരുന്നതുവരെ താടി, മുടി എന്നിവ മുറിക്കാന്‍ പാടില്ല.
- ഒരു ലഹരിവസ്‌തുക്കളും ഉപയോഗിക്കരുത്.
- മാംസ ഭക്ഷണം പാടില്ല.
- പഴയതും പാകം ചെയ്‌ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല
- ഭക്ഷണം പാകം ചെയ്‌ത് ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
- കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
- ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
- ജാത കര്‍മ്മങ്ങളില്‍ (നവജാതശിശുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ) പങ്കെടുക്കരുത്.
- ആരെയും പരിഹസിക്കരുത്.
- ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
- പകൽ ഉറങ്ങരുത്
വ്രതാനുഷ്‌ഠാനവേളയില്‍ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതുണ്ട്.
- നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്‍റെയോ ചിത്രത്തിന്‍റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.
- ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം.
- മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്.
- മദ്യപാന ശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം.
- വ്രതമനുഷ്‌ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.
- സര്‍വ്വ ചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
- വാക്കുകളെക്കൊണ്ടു പോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
- ദുഷ്‌ട ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
- സന്ധ്യക്ക് മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തുക.
വീടുകളില്‍ അന്നദാനം നടത്തിയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദക്ഷിണ നല്‍കിയും വേണം ശബരിമലയിലേക്ക് യാത്ര തിരിക്കാന്‍. കഴിയുമെങ്കില്‍ വീടുകളില്‍ അയ്യപ്പ പൂജകളും നടത്തണം. ചിലയിടങ്ങളില്‍ മാലയിട്ട ശേഷം അയ്യപ്പന്‍മാര്‍ തൊട്ടടുത്ത ക്ഷേത്രങ്ങളിലാകും കഴിയുക.